ബിനീഷിനെ എൻ സി ബി കസ്റ്റഡിയിൽ എടുത്തേക്കും.

ബെംഗളൂരു / ബംഗളുരു മയക്ക് മരുന്ന് മാഫിയക്ക് സാമ്പത്തിക സഹായം ചെയ്തതിനു കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു വന്ന സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി അവസാനിച്ചു. 29നാണ് ഇഡി ബിനീഷിനെ അറസ്റ്റ് ചെയ്തത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡി അവസാനിക്കുന്ന ബുധനാഴ്ച ബിനീഷ് കോടിയേരിയെ പ്രത്യേക കോടതിയിൽ ഹാജരാക്കുമ്പോൾ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നാണ് വിവരം. ലഹരി ഇടപാടിൽ കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, താൻ ബെനാമി മാത്രമാണെന്ന് മൊഴി നൽകിയിരുന്നു. എൻസിബി കസ്റ്റഡി ആവശ്യപ്പെട്ടില്ലെങ്കിൽ കോടതി ബിനീഷിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തേക്കും. കഴിഞ്ഞ 6നു ബിനീഷിന്റെ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും ചോദ്യംചെയ്യൽ പൂർത്തിയാക്കാതെ പരിഗണിക്കാനാകില്ലെന്ന നിലപാട് കോടതി എടുക്കുകയായിരുന്നു. 3 തവണയായി 14 ദിവസങ്ങൾ ആണ് ഇ ഡി ബിനീഷിനെ ചോദ്യം ചെയ്തത്. ബിനീഷിന്റെ വ്യാപാരപങ്കാളി അബ്ദുൽ ലത്തീഫിനെ ബിനീഷിനോടൊപ്പം ചോദ്യം ചെയ്യാനായിരുന്നു പരിപാടി. എന്നാൽ ലത്തീഫ് ഹാജരാകാത്തതിനാൽ ഇവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. ലത്തീഫ് ഇതിനിടെ ഒളിവിൽ പോയെന്നാണ് സംശയിക്കുന്നത്.