‘സ്വവർഗാനുരാഗ ബന്ധങ്ങളെക്കുറിച്ച് താൻ ഇപ്പോഴും പൂർണ ബോധവാനല്ല’; കൂടുതൽ പഠിക്കാൻ സൈകോളജിസ്റ്റിനെ കാണാനൊരുങ്ങി മദ്രാസ് ഹൈകോടതി ജഡ്ജ്
ചെന്നൈ: സ്വവർഗാനുരാഗ ബന്ധങ്ങളെക്കുറിച്ച് കൂടുതൽ പഠിക്കാൻ താതാപര്യം പ്രകടിപ്പിച്ച് മദ്രാസ് ഹൈകോടതി ജഡ്ജ് എൻ ആനന്ദ് വെങ്കിടേഷ്. സ്വവർഗാനുരാഗ പങ്കാളികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ ബുധനാഴ്ചയായിരുന്നു ജസ്റ്റിസ് ആനന്ദ് വെങ്കിടേഷിന്റെ പരാമർശം. സ്വവർഗ ലൈംഗിക ബന്ധങ്ങളെക്കുറിച്ച് താൻ ഇപ്പോഴും പൂർണ ബോധവാനല്ലെന്നും അതിനാൽ പഠിക്കാൻ സൈകോളജിസ്റ്റിനെ കാണുന്നത് തന്റെ മാറ്റത്തിന് വഴിയൊരുക്കുമെന്നും ജസ്റ്റിസ് പറഞ്ഞു.
‘ഒരു സൈകോ-എജുകേഷൻ സെഷനിൽ പങ്കെടുത്താൽ അത് സ്വവർഗ ലൈംഗികതയെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ സഹായിക്കും. എന്റെ തന്നെ മാറ്റത്തിന് വഴിയൊരുക്കും,’ ആനന്ദ് വെങ്കിടേഷ് പറഞ്ഞു.
സ്വവർഗാനുരാഗികളായ പങ്കാളികളുടെ കേസുകൾ മാന്യമായി പരിഗണിക്കുന്നതിനായി ചില മാർഗ നിർദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് പരാതിക്കാരായ കക്ഷികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തനിക്ക് ഇതിനെക്കുറിച്ച് പഠിക്കാൻ സമയം വേണമെന്ന് പറയുകയായിരുന്നു ജഡ്ജി.
‘ഈ കേസിൽ ഞാൻ സംസാരിക്കുന്നത് ബുദ്ധികൊണ്ടല്ല, ഹൃദയം കൊണ്ടാണ്. എന്നാൽ ഇതിൽ ഇടപെടണമെങ്കിൽ വിഷയത്തെക്കുറിച്ച് ഞാൻ പൂർണമായും ബോധവാനായിരിക്കണം. അതിനാൽ കൂടുതൽ പഠിക്കുന്നതിനായി വിദ്യാ ദിനകരനുമായി സൈകോ എജുകേഷൻ സെഷൻ നടത്തണമെന്ന് കരുതുന്നു. അതിനായി ഒരു ദിവസം തീരുമാനിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്,’ ജഡ്ജ് പറഞ്ഞു.
പരസ്പരം മനസിലാക്കുന്നതിനായി സ്വവർഗാനുരാഗികളായ പങ്കാളികളോടും അവരുടെ രക്ഷിതാക്കളോടും ചേർന്ന് ഒരു കൗൺസിലിംഗിൽ പങ്കെടുക്കാനും ജഡ്ജ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.