കരൂര്‍ ദുരന്തത്തെക്കുറിച്ച് അന്വേൽിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാൻ മദ്രാസ് ഹെെക്കോടതി

കരൂര്‍ ദുരന്തത്തെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി. സംഭവത്തെ അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ (SIT) നിയോഗിക്കാനും വനിത ഐപിഎസ് ഉദ്യോഗസ്ഥ അശ്ര ഗർഗിന് അന്വേഷണം ചുമതലപ്പെടുത്താനും കോടതി ഉത്തരവിട്ടു.
ടിവികെ അധ്യക്ഷൻ വിജയ് സംഭവത്തിനു പിന്നാലെ സ്ഥലത്ത് നിന്ന് പിന്മാറിയതിനെതിരെ കോടതി കടുത്ത വിമർശനമുയർത്തി. “കുട്ടികളടക്കം മരിച്ചിട്ടും സ്ഥലം വിട്ട നേതാവിന് നേതൃഗുണമില്ല. സ്വന്തം അണികൾ മരിച്ചപ്പോഴും അവരെ ഉപേക്ഷിച്ച് പോയത് എങ്ങനെയാണ് നേതാവിന്റെ ഉത്തരവാദിത്തം?” – ജസ്റ്റീസ് സെന്തിൽകുമാർ ചോദിച്ചു.
ഇത് വ്യക്തമായ മനുഷ്യനിർമ്മിത ദുരന്തമാണെന്നും, കോടതി കണ്ണടച്ച് ഇരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. “സ്ത്രീകളും കുട്ടികളും മരിക്കുമ്പോൾ ഒരു നേതാവ് അവിടെ നിന്ന് ഓടിപ്പോകുന്നത് എങ്ങനെയാണ് ന്യായീകരിക്കാൻ കഴിയുക? നേതാവ് അപ്രത്യക്ഷനായി. ലോകം മുഴുവൻ അത് കണ്ടു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചനം രേഖപ്പെടുത്തി. എന്നാൽ നേതാവിന് ഖേദമോ മാപ്പ് പറയാനുള്ള മനസ്സോ ഉണ്ടായില്ല” – കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു.
സംസ്ഥാന സർക്കാരിന്റെ നിലപാടിനെയും കോടതി ചോദ്യം ചെയ്തു. “കേസുകൾ രജിസ്റ്റർ ചെയ്യുന്നതിന് എന്താണ് തടസമാവുന്നത്?” എന്ന് കോടതി ചോദിച്ചുകൊണ്ട് സർക്കാരിന്റെ പ്രവർത്തനത്തിൽ വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടി.
കരൂർ ദുരന്തത്തെയും അതുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രതികരണങ്ങളെയും കുറിച്ച് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ, വിജയിനും ടിവികെയ്ക്കും എതിരായ അത്യന്തം രൂക്ഷമായ വിമർശനമായി മാറി.
Tag: Madras High Court to appoint special investigation team to probe Karur tragedy