”വഖഫ് സ്വത്തുക്കൾ കയ്യേറ്റത്തിന് മഹല്ല് കമ്മിറ്റികൾ അവസരം നൽകാൻ പാടില്ല”; കാന്തപുരം എ. പി. അബൂബക്കർ മുസ്‌ലിയാർ
രാജ്യത്തെ മുസ്‌ലിം സമൂഹം വഖഫ് സ്വത്തുകൾ നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് എന്ന് കാന്തപുരം എ. പി. അബൂബക്കർ മുസ്‌ലിയാർ വ്യക്തമാക്കി. ഈ ആശങ്കകൾ നീക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തെക്കുറിച്ച് ഗൗരവമായി ആലോചിക്കുകയും, വിവരം ഉള്ളവരോടു കൂടി സംസാരിച്ചു മനസ്സിലാക്കുകയും ചെയ്ത ശേഷമേ നടപടികൾ കൈക്കൊള്ളാവൂ എന്നും, വഖഫ് സ്വത്തുക്കൾ കയ്യേറ്റത്തിന് മഹല്ല് കമ്മിറ്റികൾ അവസരം നൽകാൻ പാടില്ലെന്നും കാന്തപുരം അഭിപ്രായപ്പെട്ടു.
വഖഫ് വിഷയത്തിൽ മുമ്പും ആശങ്ക പ്രകടിപ്പിച്ച് കാന്തപുരം രംഗത്ത് എത്തിയിരുന്നു. വിവാദമായ കേന്ദ്ര സർക്കാരിന്റെ വഖഫ് ഭേദഗതി ബില്ലിനെതിരെ അദ്ദേഹം നേരത്തെ തന്നെ ശക്തമായി പ്രതികരിച്ചിരുന്നു. രാജ്യത്തിന്റെ ബഹുസ്വരതയും മതേതര മൂല്യങ്ങളും ന്യൂനപക്ഷ അവകാശങ്ങളും ഇല്ലാതാക്കുന്ന ഭരണഘടനാവിരുദ്ധ നീക്കമാണെന്ന് അദ്ദേഹം ആരോപിച്ചു.
ഭരണഘടന പൗരന്മാർക്ക് നൽകിയ മൗലികാവകാശങ്ങളെ ലംഘിക്കുന്നതിനൊപ്പം, മതവിശ്വാസി സമൂഹങ്ങൾക്കിടയിൽ വിവേചനവും അനീതിയും സൃഷ്ടിക്കുന്നതാണ് ഈ ബിൽ എന്ന് കാന്തപുരം ചൂണ്ടിക്കാട്ടി. മുസ്‌ലിംകളുടെ സാമൂഹികജീവിതത്തെയും വഖഫ് സ്വത്തുകളുടെ നിലനിൽപ്പിനെയും തകർക്കാനുള്ള ശ്രമമാണ് ഭേദഗതി ബില്ലിന് പിന്നിലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Tag: Mahall committees should not give opportunity to encroach on waqf properties”; Kanthapuram A. P. Abubacker Musliyar