മാസം 100 കോടി വീതം പിരിച്ചു നൽകാൻ ആവശ്യപ്പെട്ടു, പോലീസ് നടപടികളിലും കൈകടത്തി, മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിക്കെതിരെ ഗുരുതര വെളിപ്പെടുത്തൽ

മുംബൈ: മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് എല്ലാമാസവും 100 കോടി വീതം പിരിച്ചു നൽകാൻ പോലീസിനോട് ആവശ്യപ്പെട്ടതായി വെളിപ്പെടുത്തൽ. മുകേഷ് അംബാനിയുടെ വീടിന് സമീപത്തായി ബോംബ് കണ്ടെത്തിയ കേസുമായി ബന്ധപ്പെട്ട് പുറത്താക്കിയ മുംബൈ പോലീസ് തലവൻ പരംബീർ സിങ്ങാണ് ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെതിരെ വൻ അഴിമതിയാരോപണം ഉന്നയിച്ചത്.
സംസ്ഥാനത്തെ പോലീസ് നടപടികളിൽ മന്ത്രി അന്യായമായി മന്ത്രി ഇടപെടലുകൾ നടത്തിയിരുന്നു. മന്ത്രി എല്ലാ മാസവും 100 കോടി രൂപ പിരിച്ചു നൽകാനും ആവശ്യപ്പെട്ടന്നായിരുന്നു പരംബീറിന്റെ വെളിപ്പെടുത്തൽ. മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് നൽകിയ കത്തിലാണ് ആഭ്യന്തരമന്ത്രിക്കെതിരെ മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. അംബാനി കേസിൽ പുറത്താക്കിയ സച്ചിൻ വാസെ എന്ന ഉദ്യോഗസ്ഥനെയടക്കം മന്ത്രി ഇടപെട്ടാണ് നിയമിച്ചതെന്നും പരംബീർ സിങ് ആരോപിച്ചു. ഇക്കാര്യങ്ങൾ എൻസിപി നേതാവ് ശരദ് പവാറിനെയും അറിയിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മന്ത്രി ഈ ആരോപണം നിഷേധിച്ചു. പരംബീർ സിങ്ങിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും അദ്ദേഹം പ്രതികരിച്ചു. മുകേഷ് അംബാനിയുടെ വീടിന് സമീപം ബോംബ് കണ്ടെത്തിയ കേസിൽ ഗുരുതരമായ വീഴ്ച വരുത്തിയതിൽ നിന്ന് രക്ഷപ്പെടാനാണ് പരംബീർ സിങ് തനിക്കെതിരെ ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് അനിൽ ദേശ്മുഖ് വിശദീകരിച്ചു.
ആഭ്യന്തര മന്ത്രിക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് പുറത്തുവന്നിരിക്കുവന്നത്. ഇതിൽ അദ്ദേഹം രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്നും പ്രതിപക്ഷമായ ബിജെപി ആവശ്യപ്പെട്ടു. അംബാനി കേസിൽ സച്ചിൻ വസെയെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. കേസിന് പിന്നിൽ മുംബൈ പോലീസാണെന്ന് ആരോപണമുയരുകയും ഇതോടെ മുംബൈ പോലീസ് മേധാവിയായിരുന്ന പരംബീർ സിങ്ങിനെ സ്ഥാനത്തു നിന്നും നീക്കുകയുമായിരുന്നു.