കോവിഡ് കേസുകള്‍ ഉയരുന്നു; മഹാരാഷ്ട്ര ലോക് ഡൗണിലേക്കെന്ന് സൂചനകള്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവും 14,000ലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ മാത്രം 14,199 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 1,10,05,850 ആയി ഉയര്‍ന്നു.
ഇന്നലെ മാത്രം 83 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,56,385 ആയി ഉയര്‍ന്നു. നിലവില്‍ 1,50,055 പേരാണ് ചികിത്സയില്‍ കഴിയുന്നതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 9695 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 1,06,99,410 ആയി ഉയര്‍ന്നു. നിലവില്‍ 1,11,16,854 പേര്‍ വാക്‌സിനേഷന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം പുനെയില്‍ ഇന്നലെ മാത്രം 1176 പേര്‍ക്കാണ് കോവിഡ് ബാധിച്ചത് . മുംബൈയിലും പുനെയിലും കോവിഡ് കേസുകള്‍ ഉയരുന്നത് മഹാരാഷ്ട്രയില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. രണ്ടാം കോവിഡ് തരംഗം പടിവാതില്‍ക്കല്‍ നില്‍ക്കുകയാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നല്‍കി.
സംസ്ഥാനത്ത് പൊതുപരിപാടികളും മതപരമായ കൂട്ടായ്മകളും വിലക്കി. ഒരാഴ്‌ച്ചത്തെ സ്ഥിതി വിലയിരുത്തിയ ശേഷം രോഗവ്യാപനം കുറഞ്ഞില്ലെങ്കില്‍ ലോക്ഡൗണ്‍ ചെയ്യാനാണ് സര്‍ക്കാര്‍ നീക്കം.സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും രോഗം വീണ്ടും വ്യാപിക്കുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് മാസത്തിന് ശേഷം ഏഴായിരത്തിന് അടുത്തെത്തി. പ്രതിദിന രോഗികള്‍ നൂറില്‍ താഴെയായിരുന്ന മുംബൈയില്‍ കണക്ക് ആയിരത്തിലേക്കെത്തുന്നു.
യവാത്മല്‍ ജില്ലയ്ക്ക് പിന്നാലെ അമരാവതിയിലും ഒരാഴ്ചത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. പുണെയില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. മുംബൈയില്‍ അഞ്ചില്‍ കൂടുതല്‍ രോഗികളുടെ നൂറ് കണക്കിന് കെട്ടിടങ്ങളാണ് സീല്‍ ചെയ്തത്. ലോക്ഡൗണ്‍ ആണ് രോഗവ്യാപനത്തെ തടയാനുള്ള കടുത്ത മാര്‍ഗമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ജനം നിയന്ത്രണം പാലിച്ചില്ലെങ്കില്‍ അത് നടപ്പാക്കേണ്ടിവരുമെന്ന് പറഞ്ഞു.