രാജ്യത്തെ ഐടി നിയമം ഭേദഗതി ചെയ്യാൻ തീരുമാനം; സാമൂഹിക മാധ്യമങ്ങൾ ഇന്ത്യൻ നിയമങ്ങൾ അനുസരിക്കണം; ഇരട്ടത്താപ്പ് പാടില്ല-മന്ത്രി രവിശങ്കർ പ്രസാദ്

ന്യൂ ഡെൽഹി: രാജ്യത്തെ ഐടി നിയമം ഭേദഗതി ചെയ്യാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ. നിയമത്തിലെ പിഴവുകൾ തിരുത്തി കൂടുതൽ കർക്കശമാക്കുമെന്നും സമൂഹ മാധ്യമങ്ങൾ ദുരുപയോഗം ചെയ്താൽ വലിയ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി രവി ശങ്കർ പ്രസാദ്. നിയമാനുസൃതം പ്രവർത്തിക്കുന്ന മൊബൈൽ ആപ്പുകൾക്ക് മാത്രം ഇന്ത്യയിൽ അനുമതി നൽകു. വ്യാജ വാർത്തകൾ ചമയ്ക്കുന്നതിൽ നിന്ന് സമൂഹ മാധ്യമങ്ങൾ വിട്ടുനിൽക്കണം എന്നും മന്ത്രി അറിയിച്ചു.
ട്വിറ്റർ, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയെ മന്ത്രി പേരെടുത്ത് പരാമർശിച്ചു. ഇന്ത്യയിൽ സമൂഹ മാധ്യമങ്ങൾക്ക് ദശലക്ഷക്കണക്കിന് ഫോളോവർമാരുണ്ട്. വ്യാപാരത്തിനും പണ സമ്പാദനത്തിനും സ്വാതന്ത്ര്യവുമുണ്ട്. എന്നാൽ ഇന്ത്യൻ നിയമങ്ങളും ഭരണഘടനയും അനുസരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സമൂഹ മാധ്യമങ്ങളെ ബഹുമാനിക്കുന്നെന്നും ഡിജിറ്റൽ ഇന്ത്യയിൽ അവയ്ക്ക് വലിയ പങ്കുണ്ടെന്നും മന്ത്രി പറഞ്ഞു. സാധാരണക്കാരെ സമൂഹ മാധ്യമങ്ങൾ ശാക്തീകരിച്ചു. അമേരിക്കയിലെ ക്യാപിറ്റോൾ കലാപത്തിൽ പൊലീസിനെ സഹായിച്ച സമൂഹ മാധ്യമങ്ങൾ ചെങ്കോട്ടയിൽ അക്രമത്തിന് എതിരെ തിരിച്ച് നിലപാട് എടുത്തു. ഇരട്ടത്താപ്പ് അനുവദിക്കാനാകില്ലെന്നും മന്ത്രി. കേന്ദ്രസർക്കാറും ട്വിറ്ററുമായുള്ള പ്രശ്‌നം രൂക്ഷമാകുന്നതിനിടെയാണ് രവിശങ്കർ പ്രസാദിന്റെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.