”അമിത് ഷായുടെ തലവെട്ടി മേശപ്പുറത്തുവെക്കണമെന്ന് മഹുവാ മൊയ്ത്ര”; മഹുവ മാപ്പ് പറയണമെന്ന് ബിജെപി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെതിരെ വിവാദ പരാമർശം നടത്തി തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി മഹുവാ മൊയ്ത്ര. അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരുടെ പ്രശ്നത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് മഹുവ നടത്തിയ വിവാദ പ്രസ്താവനനടത്തിയത്. വ്യാഴാഴ്ച പശ്ചിമബംഗാളിലെ നാദിയ ജില്ലയിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു പരാമർശം.
അതിർത്തി സുരക്ഷയിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടുവെന്നാണ് മഹുവാ ആരോപിച്ചത്. “‘അതിർത്തിസുരക്ഷയെക്കുറിച്ചുള്ള ഉത്തരവാദിത്വങ്ങളിൽ നിന്ന് കേന്ദ്രസർക്കാർ ഒഴിഞ്ഞുമാറുകയാണ്. അതിർത്തികൾ സംരക്ഷിക്കാൻ ആരുമില്ലെങ്കിൽ, മറ്റൊരു രാജ്യത്തു നിന്നുള്ളവർ നമ്മുടെ നാട്ടിലേക്ക് കടന്നുവരുന്നെങ്കിൽ, നുഴഞ്ഞുകയറ്റക്കാർ നമ്മുടെ ഭൂമി തട്ടിയെടുക്കുന്നുണ്ടെങ്കിൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത് അമിത് ഷായുടെ തലവെട്ടി നിങ്ങളുടെ മേശപ്പുറത്തുവെക്കുകയാണ്'” എന്നാണ് മഹുവയുടെ പ്രസ്താവനയുടെ ഉള്ളടക്കം.
അതിർത്തി സുരക്ഷയുടെ കാര്യത്തിൽ ആഭ്യന്തര വകുപ്പിന് ഉത്തരവാദിത്തമുണ്ടെന്നും, അതിനെക്കുറിച്ച് പ്രധാനമന്ത്രിയും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. എന്നാൽ, വിവാദ പ്രസ്താവനയെക്കുറിച്ച് എംപിയായ മഹുവ വ്യക്തമായി പ്രതികരിച്ചിട്ടില്ല.
ഇതിനിടെ, മഹുവയുടെ വാക്കുകൾക്കെതിരെ ബിജെപി ശക്തമായ വിമർശനവുമായി രംഗത്തെത്തി. “അവരുടെ ഭാഷ അരോചകവും വെറുപ്പും പരത്തുന്നതുമാണ്. ഇത് തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടാണോ, അല്ലെങ്കിൽ വ്യക്തിപരമായ പരാമർശമോ എന്ന് വ്യക്തമാക്കണം. പാർട്ടി നിലപാട് അല്ലെങ്കിൽ മഹുവ മാപ്പ് പറയണം, പാർട്ടി നടപടി സ്വീകരിക്കണം” എന്നാണ് ബിജെപി നേതാവ് രാഹുൽ സിൻഹയുടെ പ്രതികരണം. വിഷയത്തിൽ ബിജെപി നേതാവ് സന്ദീപ് മജുംദാർ കൃഷ്ണനഗറിലെ കോട്വാലി പൊലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി സമർപ്പിക്കുകയും ചെയ്തു.
Tag: Mahua Moitra should cut off Amit Shah’s head and put it on the table”; BJP demands Mahua apologize