HomestyleKerala NewsPolitics

ഇന്‍ബോക്‌സ് നിറഞ്ഞു, കെ സുധാകരനും വിഡി സതീശനും വേണ്ടി മുറവിളി

ദില്ലി: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമാകുന്നു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റണമെന്നാണ് കൂടുതല്‍ ആവശ്യം. പകരം കെ സുധാകരന്‍ എംപിക്ക് ചുമതല നല്‍കണമെന്നു ആവശ്യപ്പെട്ട് ആയിരക്കണക്കിന് ഇമെയില്‍ സന്ദേശങ്ങളാണ് എഐസിസിക്ക് ലഭിക്കുന്നത്. ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയ മെയിലുകള്‍ വന്ന് ഇന്‍ബോക്‌സ് നിറഞ്ഞുവെന്ന് എഐസിസി വൃത്തങ്ങളെ ഉദ്ധരിച്ച്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേതൃത്വത്തിന്റെ വീഴ്ചയാണ് പരാജയത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. താഴേ തട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തനം നടക്കുന്നില്ല എന്നാണ് ആക്ഷേപം. രമേശ് ചെന്നിത്തലയെ മാറ്റി വിഡി സതീശന് പ്രതിപക്ഷ നേതാവിന്റെ ചുമതല നല്‍കണമെന്നും ആവശ്യമുയരുന്നു. കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പിസമാണ് പ്രശ്‌നം. കോണ്‍ഗ്രസ് കേരളത്തില്‍ ഇല്ല. കുറേ ഗ്രൂപ്പുകള്‍ മാത്രമാണുള്ളത്. ഇതില്‍ മാറ്റം വരണമെന്നും ഇമെയില്‍ സന്ദേശങ്ങളില്‍ പറയുന്നു. കെസി വേണുഗോപാലിനെതിരെയും വിമര്‍ശനമുയര്‍ത്തിയുള്ള മെയിലുകളും വന്നിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ ദിവസം കവടിയാറില്‍ കോണ്‍ഗ്രസ് എ ഗ്രൂപ്പ് യോഗം ചേര്‍ന്നിരുന്നു. പ്രതിപക്ഷ നേതാവ്, കെപിസിസി അധ്യക്ഷന്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു എന്നാണ് വിവരം. വിഡി സതീശനെ പിന്തുണയ്ക്കണമോ എന്ന വിഷയത്തിലായിരുന്നു ചര്‍ച്ചയത്രെ. കെപിസിസി അധ്യക്ഷനായി ആര് വരണമെന്ന ചര്‍ച്ചയും നടന്നു എന്നാണ് വിവരം. രാഷ്ട്രീയ കാര്യ സമിതി യോഗം ചേരാനിരിക്കെയാണ് ഗ്രൂപ്പ് യോഗവും എഐസിസിക്കുള്ള ഇമെയില്‍ സന്ദേശങ്ങളും. കോണ്‍ഗ്രസിലെ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി തീരുമാനമെടുക്കാന്‍ എഐസിസി പ്രതിനിധികള്‍ വൈകാതെ കേരളത്തിലെത്തുമെന്ന് നേതാക്കള്‍ സൂചിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button