ഗുജറാത്ത് സർക്കാരിൽ വൻ രാഷ്ട്രീയ നീക്കം; മുഖ്യമന്ത്രി ഒഴികെ മറ്റ് മന്ത്രിമാരെല്ലാം രാജിവച്ചു

ഗുജറാത്ത് സർക്കാരിൽ വൻ രാഷ്ട്രീയ നീക്കം. മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഒഴികെയുള്ള മുഴുവൻ മന്ത്രിമാരും രാജിവെച്ചു. മന്ത്രിമാരുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. പുതിയ മന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്യും. അതിന് മുൻപ് മുഖ്യമന്ത്രി ഗവർണർ ആചാര്യ ദേവവ്രതിനെ കാണാനിരിക്കുകയാണ്.
സത്യപ്രതിജ്ഞ ചടങ്ങ് രാവിലെ 11.30ന് നടക്കുമെന്നാണ് വിവരം. പത്തു പേരെ ഉൾപ്പെടുത്തി പുതിയ മന്ത്രിസഭ രൂപീകരിക്കാനാണ് ബിജെപിയുടെ നീക്കം. നിലവിലുള്ള മന്ത്രിമാരിൽ പകുതിയിലധികം പേരെ മാറ്റി പുതുമുഖങ്ങളെ ഉൾപ്പെടുത്താനാണ് സാധ്യത.
ഇപ്പോൾ ഗുജറാത്ത് മന്ത്രിസഭയിൽ 17 അംഗങ്ങളാണ് ഉള്ളത് — അതിൽ എട്ടുപേർ കാബിനറ്റ് പദവിയുള്ളവരും, ബാക്കി എട്ടുപേർ സഹമന്ത്രിമാരുമാണ്. ഗുജറാത്ത് നിയമസഭയിൽ 182 അംഗങ്ങളുള്ളതിനാൽ പരമാവധി 27 മന്ത്രിമാർവരെ നിയമിക്കാനാകും. 2022 ഡിസംബർ 12നാണ് ഭൂപേന്ദ്ര പട്ടേൽ രണ്ടാം തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
Tag: Major political move in Gujarat government; All ministers except the Chief Minister resign