പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ, ദീപാവലിയോടനുബന്ധിച്ച് ജിഎസ്ടിയിൽ വൻ പരിഷ്കാരം നടപ്പാക്കുമെന്നും, നിത്യോപയോഗ സാധനങ്ങളിലെ നികുതി ഭാരം കുറയ്ക്കുമെന്നും പ്രഖ്യാപിച്ചു. സാധാരണ ജനങ്ങളുടെയും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകരുടെയും (MSME) നികുതി ബാധ്യത കുറയ്ക്കുന്ന നടപടികളായിരിക്കും ഇതിന്റെ ലക്ഷ്യം. ദീപാവലിയിൽ ‘വലിയ സർപ്രൈസ്’ കാത്തിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സെപ്റ്റംബർ 9-ന് ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ജിഎസ്ടി കൗൺസിൽ യോഗം ചേരും. നിലവിലുള്ള 5%, 12%, 18%, 28% സ്ലാബുകളിൽ, 12% സ്ലാബ് ഒഴിവാക്കാനുള്ള പ്രമേയം നേരത്തേ പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചിരുന്നു. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളുമായുള്ള ചർച്ചകൾക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ട് ഇടപെട്ടിരുന്നു. മോദിയുടെ പ്രസ്താവനയെ തുടർന്ന്, 12% സ്ലാബിലുള്ള നിത്യോപയോഗ വസ്തുക്കളും സേവനങ്ങളും 5% സ്ലാബിലേക്ക് മാറ്റപ്പെടാൻ സാധ്യത കൂടുതലാണ്. ഇതോടെ വില കുറയും, എന്നാൽ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഏകദേശം ₹80,000 കോടി വരെ വരുമാന നഷ്ടമുണ്ടാകാമെന്നാണു കണക്കുകൂട്ടൽ.
വില കുറയാൻ സാധ്യതയുള്ള വസ്തുക്കളിൽ 20 ലിറ്റർ കുടിവെള്ള ബോട്ടിൽ, കണ്ടൻസ്ഡ് മിൽക്ക്, ശീതീകരിച്ച പച്ചക്കറികൾ, ജാം, ഫ്രൂട്ട് ജ്യൂസ്, കറി പേസ്റ്റ്, ചെരിപ്പ്, കുട, സൈക്കിൾ, പെൻസിൽ, ടൂത്ത് പേസ്റ്റ്, വിമാനയാത്ര, ഡയഗ്നോസ്റ്റിക് കിറ്റുകൾ, ഹോട്ടൽ മുറി വാടക തുടങ്ങിയവ ഉൾപ്പെടുന്നു.
ഇന്ത്യയുടെ ഇറക്കുമതിച്ചെലവിൽ പ്രധാന പങ്കും ക്രൂഡ് ഓയിൽ വാങ്ങലിനാണ് പോകുന്നത്. ഇതിന് പരിഹാരമായി ഇന്ത്യയിൽ ജെറ്റ് എൻജിനുകൾ, സോളാർ പാനലുകൾ, ഇലക്ട്രിക് വാഹനങ്ങൾക്ക് ആവശ്യമായ സെമികണ്ടക്ടറുകൾ തുടങ്ങിയവ വിദേശ ആശ്രയമില്ലാതെ നിർമ്മിക്കുമെന്നും മോദി പറഞ്ഞു. ഡോളറും പൗണ്ടും ആശ്രയിക്കുന്നത് കുറയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്കെതിരെ 50% തീരുവ പ്രഖ്യാപിച്ചതിനും, റഷ്യ–യുക്രെയിൻ സമാധാന ഉടമ്പടി നടപ്പിലാകാത്ത പക്ഷം തീരുവ വർധിപ്പിക്കുമെന്ന ഭീഷണിക്കും മറുപടിയായും മോദിയുടെ പ്രസംഗം കാണപ്പെട്ടു. എണ്ണ ഇറക്കുമതി ചെലവ് കുറയ്ക്കാൻ “സമുദ്ര മൻഥൻ” പദ്ധതിയിലൂടെ രാജ്യത്ത് എണ്ണ–വാതക പര്യവേക്ഷണം ശക്തിപ്പെടുത്തുമെന്നും, കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താൽപര്യം സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ട്രംപ് ആവശ്യപ്പെട്ട കാർഷിക, ക്ഷീര വിപണികൾ തുറന്നുകിട്ടാനുള്ള ആവശ്യം ഇന്ത്യ നിരസിച്ചതായും മോദി വ്യക്തമാക്കി. സിന്ധു നദീ ജല കരാർ അന്യായവും ഏകപക്ഷീയവുമാണെന്നും, ഇന്ത്യയുടെ ജലം ഇന്ത്യയിലെ കർഷകർക്ക് മാത്രമേ അവകാശമുള്ളുവെന്നും അദ്ദേഹം പാക്കിസ്ഥാനോടുള്ള പരോക്ഷ സന്ദേശമായി പറഞ്ഞു. “വെള്ളവും രക്തവും ഒരുമിച്ച് ഒഴുകില്ല. നമ്മുടെ കർഷകർക്ക് ദാഹിക്കുമ്പോൾ ശത്രുരാജ്യത്തിന് വെള്ളം നൽകാനാവില്ല” എന്നും മോദി വ്യക്തമാക്കി.
Tag: Major reform in GST, frozen vegetables, jam, fruit juice, curry paste, sandals, umbrellas; prices will come down