Latest NewsNationalNewsUncategorized

കൊറോണ വ്യാപനം; ലോക്ക്ഡൗണ്‍ ഭീതിയില്‍ വന്‍ ന​ഗരങ്ങളില്‍ നിന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക്

ന്യൂ ഡെൽഹി: കൊറോണ കേസുകള്‍ കുതിച്ചുയരുന്നതിനിടെ, വീണ്ടുമൊരു അപ്രതീക്ഷിത ലോക്ക്ഡൗണ്‍ പ്രഖ്യാപനമുണ്ടായേക്കാം എന്ന ഭീതിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍. ലോക്ക് ഡൗണ്‍ പ്രഖ്യാപനം ഉണ്ടായേക്കാമെന്ന് തൊഴിലാളികള്‍ക്കിടയില്‍ പ്രചരിച്ച ഊഹാപോഹത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ ന​ഗരങ്ങളില്‍ നിന്ന് ബിഹാറിലേക്കുള്ള ട്രെയിന്‍, ബസ് സര്‍വീസുകളില്‍ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

ബിഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികാളാണ് വീണ്ടുമൊരു അപ്രതീക്ഷിത ലോക്ക് ഡൗണ്‍ ഉണ്ടായേക്കാമെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ നാട്ടിലേക്ക് തിരിച്ചത്. ഇതോടെ മുംബൈ, പൂനെ, ചണ്ഡീ​ഗഡ്, സൂറത്ത്, ഡെൽഹി എന്നിവിടങ്ങളില്‍ നിന്നും ട്രെയിന്‍, ബസ് മാര്‍ഗം വലിയ തോതിലുള്ള ജനങ്ങളുടെ ഒഴുക്കാണ് അനുഭവപ്പെട്ടത്. അതേസമയം മഹാരാഷ്ട്രയില്‍ വലിയ തോതിലുള്ള കൊറോണ വ്യാപനമാണ് ഇപ്പോഴുള്ളത്. ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്ന മഹാരാഷ്ട്രയില്‍ നിന്നാണ് തൊഴിലാളികള്‍ കൂടുതലായും നാടുവിടുന്നത്.

ഏറ്റവും കൂടുതല്‍ കൊറോണ കേസുകളുള്ള പത്ത് ജില്ലകളില്‍ മുന്നില്‍ മുംബൈയാണുള്ളത്. മുംബൈ, പൂനെ ഉള്‍പ്പടെയുള്ള ന​ഗരങ്ങളില്‍ നിന്നും ബിഹാറിലേക്ക് പോകുന്ന ട്രെയിനുകളെല്ലാം തിങ്ങി നിറഞ്ഞിരിക്കുകയാണെന്ന് ഈസ്റ്റ് – സെന്‍ട്രല്‍ റെയില്‍വേ വക്താവ് രാജേഷ് കുമാര്‍ പറഞ്ഞു. എന്നാല്‍ ബിഹാറിലേക്ക് മടങ്ങുന്നവരെല്ലാം കുടിയേറ്റ തൊഴിലാളികളാണോ എന്ന കാര്യം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ തിരിച്ചു വരവ് നേരിടാന്‍ നടപടിയാരംഭിച്ചതായി ബിഹാര്‍ തൊഴില്‍ മന്ത്രി ജിബേഷ് കുമാര്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button