Kerala NewsLatest NewsLaw,NewsPolitics

വരുമാനമുള്ള ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാന്‍ മലബാര്‍ ദേവസ്വം

തലശേരി: ശമ്പളം കൊടുക്കാന്‍ വകയില്ലെങ്കിലും ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാന്‍ മലബാര്‍ ദേവസ്വം. കണ്ണൂര്‍ ജില്ലയിലെ പൊയിലൂര്‍ മടപ്പുര പിടിച്ചെടുക്കാനുള്ള ബോര്‍ഡിന്റെ നീക്കം ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ദേവസ്വത്തിന് ഉപേക്ഷിക്കേണ്ടി വന്നു. രാഷ്ട്രീയ എതിരാളികള്‍ ഭരിക്കുന്ന വരുമാനമുള്ള ക്ഷേത്രങ്ങള്‍ തങ്ങളുടെ അധീനതയിലാക്കുക എന്ന സിപിഎം തന്ത്രമാണ് ഇതിനുപിന്നിലെന്ന് ആരോപണമുണ്ട്.

നേരത്തെ കോണ്‍ഗ്രസുകാര്‍ക്ക് ശക്തമായ സ്വാധീനമുള്ള മട്ടന്നൂര്‍ മഹാദേവക്ഷേത്രം ദേവസ്വം പിടിച്ചെടുത്തിരുന്നു. ഇപ്പോള്‍ ആര്‍എസ്എസ് ശക്തികേന്ദ്രമായ പൊയിലൂരിലാണ് ബോര്‍ഡ് കണ്ണുവച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് പൊയിലൂര്‍ സ്വദേശിയും ബിജെപി ദേശീയസമിതിയംഗവുമായിരുന്ന ഒ.കെ. വാസു സിപിഎമ്മിലേക്ക് ചേക്കേറിയപ്പോള്‍ വാസുവിനെ സിപിഎം മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ചുമതലയേല്‍പ്പിച്ചു. വാസുവിനെ മുന്‍നിര്‍ത്തിയാണ് പൊയിലൂര്‍ മടപ്പുര പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ തങ്ങളുടെ തട്ടകത്തിലുള്ള മടപ്പുര ഒരു കാരണവശാലും വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ആര്‍എസ്എസ്.

കഴിഞ്ഞദിവസം രാവിലെ ആറരയ്ക്ക് പൊയിലൂര്‍ മുത്തപ്പന്‍ മടപ്പുരയില്‍ കൂത്തുപറമ്പ് എസിപി സജേഷ് വാഴവളപ്പിലിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം മടപ്പുര ഏറ്റെടുക്കുന്നതിനായി ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ക്കൊപ്പമെത്തിയിരുന്നു. പോലിസ് ക്ഷേത്രത്തിലെ ഓഫീസ് പൂട്ട് വെല്‍ഡിങ് മെഷീന്‍ ഉപയോഗിച്ച് പൊളിക്കുകയും അകത്തുപ്രവേശിക്കാനുള്ള സൗകര്യമൊരുക്കുകയും ചെയ്തു. ദേവസ്വ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത്ത് പറമ്പത്ത്, വടക്കയില്‍ പവിത്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ക്ഷേത്രം ഓഫീസിനകത്ത് പ്രവേശിച്ചതിനു ശേഷമാണ് മടപ്പുര ഏറ്റെടുത്തതായുള്ള നടപടി ക്രമങ്ങള്‍ നടത്തിയതായി അറിയിച്ചത്. തൃപ്പങ്ങോട്ടൂര്‍ വില്ലേജ് ഓഫീസര്‍ സുനില്‍, വില്ലേജ് അസിസ്റ്റന്റ് രജീഷ്, കൊളവല്ലൂര്‍ സിഐ എം. സജിത്, എസ്‌ഐ കെ. സുഭാഷ് എന്നിവരും സ്ഥലത്തുണ്ടായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്ത് തടിച്ചുകൂടിയ ഭക്തര്‍ നാമജപത്തിലൂടെ ഇവരെ തടഞ്ഞത് ഏറെ സമയം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

പോലീസിനും ദേവസ്വം ഉദ്യോഗസ്ഥര്‍ക്കും ക്ഷേത്ര വാതില്‍ തുറക്കാന്‍ ഇതു കാരണം കഴിഞ്ഞില്ല. എന്നാല്‍ ക്ഷേത്ര കാര്യാലയം പോലീസും ദേവസ്വം അധികൃതരും പുതിയ പൂട്ടിട്ട് പൂട്ടുകയും മടങ്ങുകയുമായിരുന്നു. ദേവസ്വം ബോര്‍ഡ് ഉത്തരവനുസരിച്ച് സിസി ക്യാമറ സ്ഥാപിക്കാനുള്ള ടീം എത്തുകയും പ്രതിഷേധം കാരണം മടങ്ങിപോവുകയുമായിരുന്നു. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ക്ഷേത്രത്തില്‍ ദീപാരാധനയും, പയങ്കുറ്റിയും നടന്നുവരുന്നത്.

മൂന്ന് കേസ് നിലവിലിരിക്കെ വ്യാജരേഖ ചമച്ചു കൊണ്ട് ദേവസ്വം ബോര്‍ഡ് അധികൃതര്‍ മുന്നോട്ടുപോവുകയാണെങ്കില്‍ ശക്തമായ പ്രതിഷേധം ഉയരുമെന്നും മുത്തപ്പന്‍ മടപ്പുര പിടിച്ചെടുക്കാന്‍ അനുവദിക്കില്ലെന്നും ബിജെപി ജില്ല സെക്രട്ടറി വി.പി. സുരേന്ദ്രന്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button