മലപ്പുറത്ത് ആരാധനാലയങ്ങളില്‍ 5 പേര്‍: പ്രതിഷേധവുമായി മുസ്ലീം സംഘടനകള്‍
മലപ്പുറം: കൊവിഡ് രണ്ടാം തരംഗത്തില്‍ രോഗവ്യാപനത്തോടൊപ്പം ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കും ഗണ്യമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ ആരാധനാലയങ്ങളിലെ ചടങ്ങുകളില്‍ പരമാവധി അഞ്ച് പേരെ മാത്രമേ ഒരേ സമയം പങ്കെടുപ്പിക്കാവൂ എന്ന് ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ ഉത്തരവ്. ഇന്നലെ വൈകിട്ട് അഞ്ചു മുതല്‍ ഉത്തരവ് നിലവില്‍ വന്നു.
പ്രാര്‍ത്ഥനാ ചടങ്ങുകള്‍ പരമാവധി വീടുകളില്‍ നിര്‍വഹിക്കാന്‍ വിശ്വാസികള്‍ ശ്രമിക്കണമെന്നും ബന്ധുവീട്ടില്‍പ്പോലും ഒത്തുകൂടാതിരിക്കുകയാണ് ഉചിതമെന്നും ഉത്തരവില്‍ പറയുന്നു. വിവിധ മതസംഘടനകളുമായി ആലോചിച്ചാണ് തീരുമാനമെന്നും ഉത്തരവിലുണ്ട് . ജില്ലയില്‍ വ്യാഴാഴ്ച ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 21.89 ശതമാനമായിരുന്നു.
അതേസമയം, കളക്ടറുടെ ഉത്തരവില്‍ പ്രതിഷേധവുമായി വിവിധ മുസ്ലിം സംഘടനകള്‍ രംഗത്തു വന്നു. ഇതു സംബന്ധിച്ച് കൂടിയാലോചനകള്‍ നടന്നിട്ടില്ലെന്നും കളക്ടറുടെ ഏകപക്ഷീയമായ തീരുമാനമാണിതെന്നും അവര്‍ ആരോപിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാണ് മുസ്ലിം പള്ളികള്‍ പ്രവര്‍ത്തിക്കുന്നതെന്നതിനാല്‍ റംസാന്‍ മാസത്തില്‍ വിശ്വാസികള്‍ക്ക് പള്ളിയില്‍ പോകാന്‍ തടസം സൃഷ്ടിക്കുന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് സമസ്ത ആവശ്യപ്പെട്ടു.
ബീവറേജുകള്‍ക്കും കടകമ്ബോളങ്ങള്‍ക്കും ബാധകമല്ലാത്ത നിബന്ധന ആരാധനാലയങ്ങള്‍ക്ക് അടിച്ചേല്‍പ്പിക്കരുതെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന്, തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന സര്‍വ്വകക്ഷി യോഗത്തിലെ തീരുമാനത്തിനനുസരിച്ച് നടപടിയെടുക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കി.