ഉദ്യോഗസ്ഥന് കോവിഡ്, സ്വര്‍ണക്കടത്ത് കേസ് അന്വേഷണം വഴി മുട്ടി.

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തിലെ ഉദ്യോഗസ്ഥന് കോവിഡ്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണസംഘത്തിലെ തെലങ്കാന സ്വദേശിയായ അസിസ്റ്റന്റ് എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ക്ക് കൊവിഡ് ബാധിച്ചു. ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് സ്വര്‍ണ്ണക്കടത്ത് അന്വേഷണം ചലനമറ്റു. പ്രധാന അന്വേഷണ ഉദ്യോഗസ്ഥനടക്കം ക്വാറന്റീനില്‍ പോയതോടെയാണ് കേസ് അന്വേഷണം നിലച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചതോടെ ഓഫീസിലെ ഉദ്യോഗസ്ഥരും ഡ്രൈവര്‍മാരും സെക്യൂരിറ്റി ജീവനക്കാരും ക്വാറന്റീനിലാണ്. തുടർന്ന് കൊച്ചി ഓഫീസ് പൂട്ടിയിടുകയും അണുനശീകരണം നടത്തുകയും ചെയ്തിട്ടുണ്ട്. ഓഫീസിലെ മുഴുവന്‍ ജീവനക്കാര്‍ക്കും കൊവിഡ് പരിശോധന നടത്തി. ഇവരുടെ കൊവിഡ് ഫലം നെഗറ്റീവാണ്.
എത്ര ദിവസം ഓഫീസ് പൂട്ടിയിടുകയെന്നും ജീവനക്കാര്‍ എത്രദിവസം ക്വാറന്റീനില്‍ കഴിയണമെന്നും വ്യക്തമായ വിവരം ഇതുവരെ ലഭിച്ചിട്ടില്ല. ഇ.ഡി. ചോദ്യംചെയ്തവരും ക്വാറന്റീനില്‍ കഴിയണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഈ മാസം 9, 10, 11 തീയതികളിലായാണ് ബിനീഷ് കോടിയേരി, മന്ത്രി കെ.ടി. ജലീല്‍ എന്നിവരെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ച വിവരം ഔദ്യോഗികമായി കളക്ടറേറ്റില്‍നിന്ന് ഇ.ഡി.യെ ആദ്യം അറിയിച്ചിരുന്നില്ല. കൊവിഡ് ടെസ്റ്റ് നടത്തിയ സ്വകാര്യലാബില്‍ പരിശോധനാ ഫലത്തിനായി ബന്ധപ്പെട്ടപ്പോൾ കളക്ടറേറ്റിലേക്കു കൊടുത്തു എന്ന മറുപടിയാണ് കിട്ടിയത്. രോഗം സ്ഥിരീകരിച്ച ഉദ്യോഗസ്ഥനെ മാത്രം വിവരം അറിയിക്കുകയും മുറിയില്‍ത്തന്നെ ഇരിക്കണമെന്നു ആരോഗ്യവകുപ്പ് നിര്‍ദേശിക്കുകയുമായിരുന്നു.വിവരം ഉദ്യോഗസ്ഥനില്‍നിന്ന് ആണ് ഇ ഡി അറിയുന്നത്. തുടർന്ന് ഇ .ഡി. മറ്റ് ജീവനക്കാരോട് ക്വാറന്റീനില്‍ പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. രോഗം സ്ഥിരീകരിച്ച തെലങ്കാന സ്വദേശിയായ ഉദ്യോഗസ്ഥന് ഞായറാഴ്ചയാണ് ടെസ്റ്റ് നടത്തുന്നത്. തിങ്കളാഴ്ചയാണ് ഇദ്ദേഹത്തിന് പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുന്നത്.
മുഖ്യപ്രതി കെ.ടി. റമീസിനെ ചോദ്യംചെയ്യാനൊരുങ്ങവെയാണ് അന്വേഷണം മുടങ്ങിയത്. കേസില്‍ മന്ത്രി ജലീലിനെയടക്കം ചോദ്യം ചെയ്ത് അന്വേഷണം മുന്നോട്ട് പോകുമ്പോഴാണ് കോവിഡ് എത്തി വഴിമുടക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍, മന്ത്രി ജലീല്‍, ബിനീഷ് കോടിയേരി തുടങ്ങിയവരെ കേസില്‍ ഇഡി ചോദ്യം ചെയ്തിരുന്നു. മറ്റ് ചില ഉന്നതരെക്കൂടി ചോദ്യം ചെയ്യാ നിരിക്കെയാണ് പ്രധാന ഉദ്യോഗസ്ഥന് കോവിഡ് ബാധ ഉണ്ടായത്. കേസില്‍ പ്രാഥമിക അന്വേഷണമാണ് ഇത് വരെ നടന്നു വന്നത്. അടുത്തയാഴ്ച കൂടുതൽ പേരെ ചോദ്യം ചെയ്യുന്ന നടപടികൾ ഉണ്ടാവും.
പ്രതികള്‍ സ്വര്‍ണക്കടത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്നും ഹവാല ഇടപാടുകള്‍ നടത്തിയെന്നുമുള്ള കേസാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നത്. ലൈഫ് മിഷന്‍ പദ്ധതിയിലെ കമ്മിഷന്‍ ഇടപാടുകളും പ്രതികളുടെയും അടുപ്പക്കാരുടെയും അനധികൃത സ്വത്ത് സമ്പാദനവും ഇഡിയുടെ അന്വേഷണത്തില്‍ വരുന്നുണ്ട്.
അന്വേഷണം സജീവമായി മുന്നേറുന്നതിനിടെയാണ് ഉദ്യോഗസ്ഥന് കോവിഡ് രോഗബാധ ഉണ്ടാകുന്നത്. അന്വേഷണ സംഘത്തിലെ ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ക്ക് കോവിഡ് ബാധിച്ചതോടെ അന്വേഷണം ഭാഗികമായി തടസ്സപ്പെട്ട അവസ്ഥയിലായി. പ്രധാന അന്വേഷണ ഉദ്യോഗസ്ഥനടക്കം ക്വാറന്റീനിലായതോടെ അന്വേഷണ ഏജന്‍സി മുന്‍കൂട്ടി തീരുമാനിച്ചിരുന്ന ചോദ്യം ചെയ്യലുകളും ചില റൈഡുകളും താളം തെറ്റി. നിലവില്‍ ശേഖരിച്ച മൊഴികള്‍ പരിശോധിക്കുക മാത്രമാണ് ഇപ്പോൾ ഇ ഡി ചെയ്യുന്നത്.