മലയാളത്തിന്റെ വാനമ്പാടി; കെ.എസ്. ചിത്രയ്ക്ക് പിറന്നാള്‍ ആശംസകൾ

മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയ്ക്ക് പിറന്നാൾ ആശംസൾ. സംഗീതലോകത്തെ തന്റെ അതുല്യ ശബ്ദംകൊണ്ട് കീഴടക്കിയ പ്രിയഗായികയ്ക്ക് ആശംസകൾ നേർന്ന് നിരവധി പ്രമുഖരും എത്തിയിട്ടുണ്ട്. ഗായിക സുജാതാ മോഹൻ, സിത്താര കൃഷ്ണകുമാർ, ഗാനരചയിതാവ് രാജീവ് ആലുങ്കൽ എന്നിവർ സോഷ്യൽ മീഡിയയിലൂടെ ഹൃദയം നിറഞ്ഞ ആശംസകൾ പങ്കുവെച്ചു.
പ്രിയപ്പെട്ട ‘ചിന്നക്കുയില്‍’, സുഹൃത്ത് കെ.എസ്. ചിത്രയ്ക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് സുജാത ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ‘ഒരേയൊരു ചിത്രച്ചേച്ചിയുടെ ജന്മദിനം, ഞങ്ങളുടെ സ്വപ്നങ്ങൾക്ക് രൂപം നൽകിയ ശബ്ദം, സംഗീതത്തേക്കാൾ മനോഹരമായ ഹൃദയം… സ്‌നേഹവും വാത്സല്യവും നിറഞ്ഞ കാവൽമാലാഖയെപ്പോലെ കരുതലുള്ള അവരെ നേരിട്ടറിയാൻ കഴിഞ്ഞത് ജീവിതത്തിലെ ഒരു അനുഗ്രഹം’ എന്നാണ് സിത്താരയുടെ കുറിപ്പ്.
1963 ജൂലൈ 27-ന് ജനിച്ച ചിത്ര, പിതാവ് കൃഷ്ണൻനായരുടെ ശിക്ഷണത്തിലാണ് ആദ്യകാല സംഗീതപാഠങ്ങൾ ആരംഭിച്ചത്. തുടർന്ന് ഡോ. കെ. ഓമനക്കുട്ടിയുടെ നേതൃത്വത്തിൽ കര്‍ണാടക സംഗീതം അഭ്യസിച്ചു. എം.ജി. രാധാകൃഷ്ണന്റെ പ്രോത്സാഹനത്തോടെ ലളിതഗാനങ്ങളിൽ തുടക്കം കുറിച്ച ചിത്ര, പിന്നീട് ചലച്ചിത്രഗാനരംഗത്തേക്കും കടന്നു. 1979-ൽ ജി. അരവിന്ദൻ സംവിധാനം ചെയ്ത മുത്തശ്ശിക്കഥ എന്ന ചിത്രത്തിനായി ആദ്യമായി പാടി. 1983-ൽ പുറത്തിറങ്ങിയ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലെ ‘ആളൊരുങ്ങി അരങ്ങൊരുങ്ങി’ ഗാനമാണ് ചിത്രയുടെ കരിയറിലെ ആദ്യ സൂപ്പർഹിറ്റ്.
പി. സുശീല, എസ്. ജാനകി, വാണി ജയറാം എന്നിവർ പതിപ്പിച്ചിരുന്ന മലയാള ഗാനലോകത്തേക്ക് പതിനെട്ട് വയസ്സിനു താഴെയുള്ള ഒരു പെൺകുട്ടി എത്തിയപ്പോൾ, കുറച്ച് കാലത്തിനുള്ളിൽ തന്നെ മലയാളികളുടെ പ്രിയഗായികയായി. തുടർന്ന് തമിഴ്, തെലുങ്ക്, കന്നഡ ഉൾപ്പെടെ 16-ലധികം ഭാഷകളിൽ 30,000-ത്തിലധികം ഗാനങ്ങൾ പാടി. എ.ആർ. റഹ്‌മാൻ, ഇളയരാജ, വിദ്യാസാഗർ, ജോൺസൺ എന്നിവർക്ക് ചിത്രയുടെ ശബ്ദം അനിവാര്യമായി.
‘വാനമ്പാടി’, ‘ചിന്നക്കുയിൽ’, ‘ഗന്ധർവഗായിക’, ‘മെലഡി ക്വീൻ’ തുടങ്ങിയ വിശേഷണങ്ങൾ ചിത്രയ്ക്ക് ലഭിച്ചു. മുപ്പതിലധികം സംസ്ഥാന പുരസ്കാരങ്ങളും ആറു ദേശീയ പുരസ്കാരങ്ങളും നേടി. ആറു ദേശീയ പുരസ്കാരം നേടിയ ഏക ഗായികയെന്ന പ്രത്യേകതയും അവർക്കുണ്ട്. 2005-ൽ പത്മശ്രീയും 2021-ൽ പത്മഭൂഷണും നൽകി രാജ്യം അവരെ ആദരിച്ചു.
Tag: Malayalam’s Vanambadi; Happy birthday to KS Chitra