പിങ്ക് പോലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
കൊച്ചി: പിങ്ക് പോലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. തിരുവനന്തപുരം ആറ്റിങ്ങലില്‍ മോഷണക്കുറ്റം ആരോപിച്ച് എട്ട് വയസുകാരിയേയും അച്ഛനെയും പരസ്യവിചാരണ ചെയ്ത സംഭവത്തിലാണ് പിങ്ക് പോലീസിനെതിരെ ഹൈക്കോടതി വിമര്‍ശനമുന്നയിച്ചത്. കാക്കിയുടെ അഹങ്കാരമാണ് ഉദ്യോഗസ്ഥയ്ക്ക്, പോലീസുകാരിയും ഒരു സ്ത്രീയല്ലേ, ഇങ്ങനെയാണോ പെരുമാറേണ്ടതെന്നും കോടതി ചോദിച്ചു.
കുട്ടിയോട് ഇടപെടുന്നതിന്റെ ദൃശ്യങ്ങള്‍ മനസിന് അസ്വസ്ഥതയുണ്ടാക്കുന്നു. ഒരു മൊബൈല്‍ ഫോണിന്റെ വിലപോലും കുട്ടിക്ക് ഇല്ലേയെന്നും കോടതി ചോദിച്ചു. ചില വീഴ്ചകള്‍ സംഭവിച്ചതായി വ്യക്തമാണ്. കുട്ടിയെ എന്തിനാണ് ചോദ്യം ചെയ്തതെന്നും കോടതി ചോദിച്ചു.
സ്വന്തം മൊബൈല്‍ ഫോണ്‍ സൂക്ഷിക്കേണ്ടത് ഉദ്യോഗസ്ഥയുടെ ഉത്തരവാദിത്വമാണ്. പിങ്ക് പോലീസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയത് പണിഷ്മെന്റാണോയെന്ന് കോടതി പരിഹാസ രൂപേണ ചോദിച്ചു. വിഷയത്തില്‍ ഡിജിപിയോട് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയതിന്റെ കാരണം വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഓഗസ്റ്റ് 27നാണ് മോഷണക്കുറ്റം ആരോപിച്ച് തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനെയും മകളെയും പിങ്ക് പോലീസ് ഉദ്യോഗസ്ഥ രജിത പരസ്യമായി ചോദ്യം ചെയ്തത്.