‘സച്ചിനെന്ന ഡ്യൂപ്ലിക്കേറ്റ് ദൈവം ചതിച്ചു’, മരിയ ഷറപ്പോവയോട് ക്ഷമ ചോദിച്ച് മലയാളികള്‍

ഒരിക്കല്‍ സച്ചിന്‍ തെണ്ടൂല്‍ക്കറെ അറിയില്ലെന്ന തുറന്നുപറച്ചിലാണ് ഷറപ്പോവയെ മലയാളികളുമായി തെറ്റിച്ചത്. അന്ന് ഷറപ്പോവയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ തെറി വിളി നടത്തിയവര്‍ ഇന്ന് അതേ അക്കൗണ്ടില്‍ മാപ്പിരക്കുകയാണ്.രാജ്യത്തെ കര്‍ഷക പ്രക്ഷോഭത്തില്‍ ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടൂല്‍ക്കറുടെ നിലപാട് പുറത്ത് വന്നതോടെ മോക്ഷം കിട്ടിയത് റഷ്യന്‍ ടെന്നീസ് റാണി സാക്ഷാല്‍ മരിയ ഷറപ്പോവയ്ക്കാണ്.
ഷറപ്പോവ ഒടുവില്‍ പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ യാണ് മലയാളം കമന്റുകള്‍ നിറയുന്നത്. കര്‍ഷക സമരത്തെ പിന്തുണച്ച് വിദേശികളായ പ്രമുഖര്‍ പങ്കുവെച്ച ട്വീറ്റുകള്‍ക്ക് മറുപടിയെന്നോണം ഇന്ത്യ പ്രൊപ്പഗണ്ടയ്ക്കെതിരാണെന്നും ഇന്ത്യയുടെ ആഭ്യന്തര പ്രശ്നങ്ങളില്‍ പുറത്തു നിന്നുള്ളവര്‍ ഇടപെടേണ്ടന്നുമുള്ള സച്ചിന്റെ പരാമര്‍ശമാണ് വന്‍ വിവാദമാക്കിയത്. ഇതിനു പിന്നാലെയാണ് സച്ചിനെതിരെ തിരിഞ്ഞ് ഷറപ്പോവയുടെ പേജില്‍ മലയാളികളുടെ മാപ്പ് പറച്ചില്‍ പരമ്ബര. സച്ചിനെ അറിയില്ലെന്ന് പറഞ്ഞ ഷറപ്പോവ ആയിരുന്നു ശരിയെന്ന് ഒരു വിഭാഗം പറയുന്നു.
2014 ലാണ് ലോകത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് ആരാണ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ എന്ന വിവാദ ചോദ്യം മരിയാ ഷറപ്പോവ ഉന്നയിക്കുന്നത്. ഇതിന് പിന്നാലെ മരിയാ ഷറപ്പോവയുടെ ട്വിറ്റര്‍, ഫേസ്ബുക്ക് പേജുകളില്‍ ഫാന്‍സിന്റെ ആക്രമണം തുടങ്ങി. തുടര്‍ന്ന് ആരാണ് മരിയാ ഷരപ്പോവ എന്ന ഹാഷ്ടാഗ് വരെ ട്രെന്‍ഡിംഗായി.
പോപ് ഗായിക റിഹാന അടക്കം അന്തര്‍ദേശിയ തലത്തില്‍ പ്രശസ്തരായവര്‍ കര്‍ഷക സമരത്തെ അനുകൂലിച്ച് രംഗത്തെത്തിയതിനെ വിമര്‍ശിച്ചുകൊണ്ടുള്ള സച്ചിന്റെ പ്രതികരണത്തില്‍ പ്രതിഷേധിച്ചാണ് ഫാന്‍സ് കളം മാറ്റിചവിട്ടിയത്. ഇന്ത്യയുടെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും, ബാഹ്യശക്തികള്‍ ഈ വിഷയത്തില്‍ പങ്കെടുക്കാതെ കാഴ്ച്ചക്കാരായി നിന്നാല്‍ മതിയെന്നും, ഇന്ത്യക്കാര്‍ക്ക് ഇന്ത്യക്കാരെ അറിയാമെന്നും ഇന്ത്യയ്ക്കായി തീരുമാനമെടുക്കുമെന്നുമായിരുന്നു ട്വീറ്റ്. സച്ചിന്റെ ഈ നിലപാടില്‍ അതൃപ്തി അറിയിച്ച ഫാന്‍സ് പണ്ട് സച്ചിന് വേണ്ടി മരിയാ ഷറപ്പോവയെ ചീത്ത വിളിച്ചതില്‍ ഇന്ന് ഘേദിക്കുകയാണ്.