വൈറ്റ് ഹൗസ് മിലിറ്ററി ഓഫിസ് മേധാവിയായി മലയാളി ഉദ്യോഗസ്ഥന്‍

വാഷിങ്ടണ്‍: വൈറ്റ് ഹൗസ് മിലിറ്ററി ഓഫിസ് ഡയറക്ടറായി മലയാളിയായ മജു വര്‍ഗീസിനെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നിയമിച്ചു. വൈറ്റ് ഹൗസിലെ സൈനിക ഏകോപനം, പ്രസിഡന്റിന്റെ ഔദ്യോഗിക യാത്രകള്‍, അടിയന്തര വൈദ്യസഹായത്തിനുള്ള ഒരുക്കങ്ങള്‍ എന്നീ ചുമതലകളെല്ലാം മിലിറ്ററി ഓഫിസിന്റെ കീഴില്‍ വരും. ജോ ബൈഡന്‍, കമല ഹാരിസ് സ്ഥാനാരോഹണ ചടങ്ങിന്റെയും ബൈഡന്റെ പ്രചാരണത്തിന്റെയും ചുമതല വഹിച്ചിരുന്നു.
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബൈഡന്റെ പ്രചാരണത്തിന്റെ ചീഫ് ഓപറേറ്റിങ് ഓഫിസറും ഉദ്ഘാടന സമിതിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായിരുന്നു. ബൈഡന്റെ വിശ്വസ്തനായ മജു വര്‍ഗീസ് നേരത്തെ ഒബാമ ഭരണകൂടത്തില്‍ സേവനമനുഷ്ഠിച്ചിരുന്നു. 2015 ലെ ഒബാമയുടെ ഇന്ത്യ സന്ദര്‍ശനത്തിന്റെ ചുമതലയും മജു വര്‍ഗീസ് വഹിച്ചിരുന്നു. മജു വര്‍ഗീസ് തന്നെയാണ് ട്വിറ്ററിലൂടെ വൈറ്റ് ഹൗസിലെ പുതിയ ചുമതലയുടെ കാര്യം ചിത്രം സഹിതം പുറത്തുവിട്ടത്. രാജ്യത്തെയും പ്രസിഡന്റിനെയും സേവിക്കുന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് മജു വര്‍ഗീസ് ട്വീറ്റ് ചെയ്തു.
അഭിഭാഷകനായ മജുവിന്റെ മാതാപിതാക്കള്‍ തിരുവല്ല സ്വദേശികളാണ്. ആംഹെര്‍ട്ട്‌സിലെ മസാച്യുസെറ്റ്‌സ് സര്‍വകലാശാലയില്‍നിന്ന് പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ് എന്നിവയില്‍ ബിരുദം നേടി. 2015 ജൂലൈ മുതല്‍ 2017 ജനുവരി വരെ മാനേജ്‌മെന്റിനും ഭരണനിര്‍വഹണത്തിനുമായി പ്രസിഡന്റിന്റെ സഹായിയെന്ന നിലയില്‍, വൈറ്റ് ഹൗസ് സമുച്ചയത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ചുമതല വര്‍ഗീസിനായിരുന്നു.