എസ്.പി. ബിയുടെ സംസ്കാരം ശനിയാഴ്ച

ചെന്നൈ: പ്രശസ്ത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്കാരം ശനിയാഴ്ച നടക്കും. മൃതദേഹം നുങ്കംപാക്കം കാംപ്ത നഗറിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. രാത്രിയോടെ താമരപാക്കത്തെ ഫാം ഹൗസിലേക്ക് കൊണ്ടുപോകും. ശനിയാഴ്ച രാവിലെ മൃതദേഹം സംസ്കരിക്കും.
ചെന്നൈ എംജിഎം ആശുപത്രിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:04നാണ് എസ്പിബി മരിച്ചത്. എസ്പിബി അതീവ ഗുരുതരാവസ്ഥയില്‍ ആണെന്ന് ആശുപത്രി വ്യാഴാഴ്ച വൈകിട്ട് മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചിരുന്നു.തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യയും മകനും അടുത്ത ബന്ധുക്കളും അടങ്ങുന്ന കുടുംബാംഗങ്ങളെല്ലാം ആശുപത്രിയില്‍ എത്തിയിരുന്നുപിന്നാലെയാണ് മരണം സ്ഥിരീകരിച്ച് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയത്.സംവിധായകൻ ഭാരതി രാജ,സഹോദരിയുടെ ഗായികയുമായ എസ്.പി.ഷൈലജ എന്നിവരുൾപ്പെടെ പ്രമുഖർ മരണ സമയത്ത് ആശുപത്രിയിലുണ്ടായിരുന്നു.
ഓഗസ്റ്റ് 14ഓടെയാണ് എസ്.പി ബാലസുബ്രഹ്മണ്യം എന്ന എസ്‌പിബിയുടെ ആരോഗ്യനില തീർത്തും വഷളായത്.എന്നാൽ പ്രതീക്ഷകൾ നൽകി സെപ്റ്റംബർ ഏഴിന് അദ്ദേഹം കൊവിഡ് മുക്തനായെന്ന വാർത്ത പുറത്തുവന്നിരുന്നു. സഹായത്തോടെ എഴുന്നേറ്റിരിക്കാനും മറ്റും സാധിക്കുന്നുണ്ടെന്ന് വ്യക്തമാക്കി മകൻ ചരൺ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് സ്ഥിതി വഷളാവുകയായിരുന്നു.