Latest NewsWorld

പോര്‍ച്ചുഗല്‍ തെരഞ്ഞെടുപ്പ്; ഇടത് സ്ഥാനാര്‍ത്ഥിയായി മലയാളിയും

തൃശൂര്‍: പോര്‍ച്ചുഗലില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തൃശൂര്‍ സ്വദേശിയും. കണ്ടാണശേരി നമ്പഴിക്കാട് കടവന്നൂര്‍ പരേതനായ ചന്ദ്രമോഹന്റെ മകന്‍ രഘുനാഥ് കടവന്നൂര്‍ ആണ് 25 നു നടക്കുന്ന തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്‌റ് പാര്‍ട്ടി ഓഫ് പോര്‍ച്ചുഗല്‍ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നത്.

പോര്‍ച്ചുഗീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും പരിസ്ഥിതി സംരക്ഷണ പാര്‍ട്ടിയും (പി.ഇ.വി) ചേര്‍ന്ന് രൂപീകരിച്ച സി.ഡി.യു എന്ന ഇടതുപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയാണ് രഘുനാഥ്.

പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണിലെ കഥവാല്‍ മുനിസിപ്പാലിറ്റിയില്‍ വെര്‍മേല പഞ്ചായത്തിലെ താമസക്കാരനാണ് രഘുനാഥ്. പോര്‍ച്ചുഗലില്‍ എത്തിയ കാലം മുതല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അടുത്ത ബന്ധം രഘുനാഥ് പുലര്‍ത്തിയിരുന്നു.

യൂറോപ്പില്‍ വിദേശ തൊഴിലാളികള്‍ക്കുനേരെ സംഘടിത വംശീയ പാര്‍ട്ടികള്‍ ആക്രമണമഴിച്ചുവിട്ടിരുന്നു. ഇതോടെ രാജ്യത്തെ ഇടത് പ്രസ്ഥാനങ്ങള്‍ വിദേശത്തു നിന്ന് കുടിയേറി പോര്‍ച്ചുഗീസ് പൗരത്വം സ്വീകരിച്ചവര്‍ക്ക് തെരഞ്ഞെടുപ്പില്‍ കൂടുതല്‍ അവസരം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

രഘുനാഥ് ഉള്‍പ്പെടുന്ന പാനല്‍ വെര്‍മേല പഞ്ചായത്തിലേക്കും കഥവാല്‍ മുനിസിപ്പാലിറ്റി അസംബ്ലിയിലേക്കുമാണ് മത്സരിക്കുന്നത്.ജേര്‍ണലിസത്തില്‍ പി.ജി. ഡിപ്ലോമ നേടി 11 വര്‍ഷം മുമ്പാണ് രഘുനാഥ് പോര്‍ച്ചുഗലില്‍ ഒരു പുസ്തക പ്രസിദ്ധീകരണ സ്ഥാപനത്തില്‍ പബ്ലിക് റിലേഷന്‍ ഓഫീസറായി ജോലി നേടിയത്. 2018ല്‍ സ്ഥാപനം നിര്‍ത്തിയതോടെ ഒരു പ്രശസ്ത റസ്റ്റോറന്റില്‍ മാനേജരായി.

വടക്കാഞ്ചേരി വ്യാസ കോളേജിലായിരുന്നു വിദ്യാഭ്യാസം. കണ്ടാണശേരി പഞ്ചായത്തിലെ സി.പി.ഐ.എം നമ്പഴിക്കാട് നോര്‍ത്ത് ബ്രാഞ്ചംഗം, ഡി.വൈ.എഫ്.ഐ മേഖലാ ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

പഠന കാലത്ത് നാടന്‍ പാട്ടുകളെക്കുറിച്ചും പൊറാട്ട് നാടകങ്ങളെ കുറിച്ചും ഗവേഷണം നടത്തിയിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി ആദ്യ കാല പ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന ചന്ദ്രമോഹനന്റെയും രമണിയുടെയും മൂന്നു മക്കളില്‍ രണ്ടാമത്തെ മകനാണ് രഘുനാഥ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button