രക്ഷകരായി കേരളത്തിന്റെ സ്വന്തം സൈന്യം ആലുവയില്‍
ആലുവ: ഇടുക്കി ഡാം തുറന്ന പശ്ചാത്തലത്തില്‍ പ്രളയസാഹചര്യമുണ്ടായാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കേരളത്തിന്റെ സ്വന്തം സൈനികരെത്തി. 2018ലെ പ്രളയസമയത്ത് സമാനതകളില്ലാത്ത സേവനം കാഴ്ചവച്ച കടലിന്റെ മക്കളാണ് ഇപ്പോഴും മുന്‍കരുതലുമായി എത്തിയിരിക്കുന്നത്.
വൈപ്പിന്‍, ചെല്ലാനം തീരമേഖലയില്‍ നിന്നുള്ള 13 വള്ളങ്ങളാണ് ആലുവയില്‍ എത്തിയിരിക്കുന്നത്. ഓരോ വള്ളത്തിലും നാലിലധികം തൊഴിലാളികളുമുണ്ട്. നിലവില്‍ അടിയന്തര സാഹചര്യമില്ലെങ്കിലും അപ്രതീക്ഷിതമായി ഒരു സാഹചര്യം രൂപപ്പെട്ടാല്‍ അതിനെ നേരിടാനാണ് ജില്ല കലക്ടറേറ്റില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ച് കടലിന്റെ മക്കള്‍ ആലുവയിലെത്തിയത്.
പെരിയാര്‍ നിറഞ്ഞുകവിഞ്ഞൊഴുകിയാല്‍ ആളുകളെ ഒഴിപ്പിക്കേണ്ട സ്ഥലങ്ങളെല്ലാം മുന്നില്‍ കണ്ടാണ് സംഘം നിലയുറപ്പിച്ചിരിക്കുന്നത്. അത്യാവശ്യമെങ്കില്‍ കൂടുതല്‍ വള്ളങ്ങള്‍ എത്തിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇടുക്കി ഡാമില്‍ നിന്നുള്ള വെള്ളം വൈകുന്നേരത്തോടെ എത്തുമെങ്കിലും കാര്യമായി ജലനിരപ്പ് ഉയരില്ലെന്നാണ് വിലയിരുത്തല്‍. എന്നാലും ജില്ല ഭരണകൂടം കര്‍ശന സുരക്ഷ പദ്ധതികളാണ് ഒരുക്കിയിട്ടുള്ളത്.