മമത ബാനര്‍ജിക്കെതിരെ ആക്രമണം, പരിക്ക് പറ്റി ആശുപത്രിയില്‍
കൊല്‍ക്കത്ത : നന്ദിഗ്രാമില്‍ വച്ചുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങള്‍ ആരോഗ്യവിഭാഗം പുറത്തുവിട്ടു.
മമതയുടെ ഇടതു കണങ്കാലിന് ഗുരുതര പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് ചികിത്സിച്ച ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ഇപ്പോഴും നടന്ന സംഭവത്തിന്റെ ആഘാതത്തിലാണ് മമതയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. 48 മണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിയേണ്ടി വരും.
ഇടത് കണങ്കാലിലും പാദത്തിലും ഗുരുതര പരിക്കുണ്ട്. അതുപോലെ വലതു തോളിനും കൈത്തണ്ടയിലും പരിക്കുകളുണ്ട്. നെഞ്ചുവേദനയും ശ്വാസതടസ്സവും ഇടയ്ക്ക് ഉണ്ടാകുന്നുണ്ട്. എന്നാണ് ഡോക്ടര്‍മാരെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
കുറച്ച് പരിശോധനകള്‍ കൂടി ഇനിയും നടത്താനുണ്ടെന്നാണ് സൂചന. സാധാരണയായി ഒന്നര-രണ്ട് മാസം വരെ വിശ്രമത്തില്‍ കഴിയേണ്ടി വരുന്ന പരിക്കുകളാണ് മുഖ്യമന്ത്രിക്കുണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബുധനാഴ്ച വൈകുന്നേരമാണ് ഈസ്റ്റ് മിഡ്‌നാപുരിലെ ബിറുലിയ ബസാറില്‍ മമതയ്ക്ക് നേരെ ആക്രമണം നടന്നത്.