Kerala NewsLatest NewsUncategorized

കോവിഡിനെ നേരിടാനായി മലപ്പുറത്ത് ഓരോ താലൂക്കിലും ഓരോ ഹോസ്പിറ്റലുകൾ; തീരുമാനം അവലോകന യോഗത്തിൽ

മലപ്പുറം ജില്ലയിലെ കോവിഡ് 19 രണ്ടാം തരംഗം, മഴക്കെടുതികൾ എന്നിവ നേരിടുന്നതിനുള്ള പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി കേന്ദ്രാവിഷ്കൃത പദ്ധതികൾക്കായുള്ള ജില്ലാതല കോഓർഡിനേഷൻ & മോണിറ്ററിങ്ങ് കമ്മറ്റി (ദിശ)യുടെ 2021-22ലെ ആദ്യയോഗം 18/05/2021ന് രാവിലെ 10.00 മണിക്ക് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ബഹു. എം.പി ശ്രീ. ഇ.ടി മുഹമ്മദ് ബഷീർ അവർകളുടെ അധ്യക്ഷതയിൽ ചേർന്നു.

അജണ്ട 1- കോവിഡ് 19 രണ്ടാം തരംഗം

കോവിഡ് നേരിടുന്നതിൽ ജില്ലയിലെ നിലവിലെ ചികിത്സാ സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും യോഗം വിലയിരുത്തി. ഓക്സിജൻ ഫില്ലിങ്ങിന് നിലവിൽ തടസ്സമില്ലെന്നും, എന്നാൽ ഓക്സിജൻ സിലിണ്ടറുകൾ ആവശ്യത്തിന് ലഭ്യമല്ലെന്നും 1000 സിലിണ്ടറുകൾക്ക് ഓർഡർ നൽകിയതായും, സംഭാവനയായി കുടുതൽ സിലിണ്ടറുകൾ ജില്ലയിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായും ജില്ലാ കളക്ടർ വിശദീകരിച്ചു. കൂടാതെ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും 280 സിലിണ്ടുകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. മഞ്ചേരി ജില്ലാ ആശുപത്രിയിൽ ഓക്സിജൻ പ്ലാൻറ് സ്ഥാപിക്കുന്നതിലുള്ള തടസ്സങ്ങൾ ഉടനെ പരിഹരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. വാക്സിനേഷൻ പുരോഗതിയിലാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വാക്സിനേഷൻറെ വേഗം കൂട്ടാനുള്ള നടപടികൾ സ്വീകരിക്കാൻ അധ്യക്ഷൻ നിർദ്ദേശിച്ചു.

ഓരോ താലൂക്കിലും ഓരോ ഹോസ്പിറ്റലുകൾ വീതം നാഷണൽ ഹെൽത്ത് മിഷൻ ഫണ്ടുപയോഗിച്ച് മികവിൻറെ കേന്ദ്രമാക്കി മാറ്റി കിടക്കകളും ഓക്സിജൻ ലഭ്യതയുമുൾപ്പെടെയുള്ള സൗകര്യങ്ങൾ വർദ്ധിപ്പിപ്പിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാൻ ചെയർമാൻ നിർദ്ദേശിച്ചു.
സി.എസ്.എൽ.ടി.സി ആയി പ്രവർത്തിക്കുന്ന ബ്ലോക്ക്തല സി.എച്ച്.സികളിൽ 100 വീതം ഓക്സിജൻ സിലിണ്ടർ ലഭ്യമാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാൻ ചെയർമാൻ നിർദ്ദേശിച്ചു.

ഓക്സിജൻ സിലിണ്ടറുകൾക്ക് ക്രമാതീതമായ വില ഉൽപാദകർ ഈടാക്കുന്നതിനാൽ സിലിണ്ടറുകളുടെ വില നിശ്ചയിച്ച് ഉത്തരവു പുറപ്പെടുവിക്കാൻ സർക്കാരിനോട് അപേക്ഷിക്കാൻ യോഗം തീരുമാനിച്ചു.

കോവിഡ് നേരിടുന്നതിനായി നിയമിച്ച താൽക്കാലിക ജീവനക്കാരുടെ വേതനം നിലവിൽ 566/- രൂപയാണ്. റിസ്ക് അലവൻസ് അടക്കം 808/- രൂപയാണ് നഴ്സുമാർക്ക് ലഭിക്കുന്നത്. ഇത് മിനിമം വേതന നിരക്കായ 1100/- രൂപയിൽ എത്തിക്കുന്നതിന് ആവശ്യമായ അധിക തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിൽ നിന്നും താൽക്കാലികമായി ചിലവഴിക്കുന്നതിന് അനുമതി ഉടൻ ലഭ്യമാകുമെന്ന് അധ്യക്ഷൻ അറിയിച്ചു. വേതനം വർദ്ധിപ്പിച്ച് അനുവദിക്കുന്നതിനുള്ള നടപടിക്കായി കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കാൻ യോഗം തീരുമാനിച്ചു.

അവധിക്ക് നാട്ടിലെത്തിയ പ്രവാസികൾക്ക് മുൻഗണനാടിസ്ഥാനത്തിൽ വാക്സിൻ എടുക്കുന്നതിന് അനുമതിക്കായി സർക്കാരിനോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു. വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നും ഇവരുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ രേഖപ്പെടുത്തി സാക്ഷ്യപ്പെടുത്തി നൽകാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസറോട് നിർദ്ദേശിച്ചു.

സംസ്ഥാനത്ത് ഏറ്റവുമധികം ജനസംഖ്യയും രോഗികളുമുള്ള മലപ്പുറം ജില്ലയെ മുൻഗണനാക്രമത്തിൽ ഉൾപ്പെടുത്തി പി.എം.കെയർ ഫണ്ടിൽ നിന്നും കൂടുതൽ തുകയും സൗകര്യങ്ങളും അനുവദിക്കുന്നതിന് സർക്കാരിനോട് അപേക്ഷിക്കാൻ യോഗം തീരുമാനിച്ചു.

അജണ്ട 2- മഴക്കെടുതികൾ

​കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളിൽ കടൽഭിത്തി ഇല്ലാത്ത സ്ഥലങ്ങളിൽ കടൽഭിത്തി കെട്ടുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും, നിലവിലുള്ള പ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുന്നതിനും ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി.

​ഫിഷറീസ് വകുപ്പിൻറെ പുനർഗേഹം പദ്ധതിയിൽ പര്യാപ്തമായ രേഖകളുടെ അഭാവത്തിൽ ഭവനനിർമ്മാണ ധനസഹായം നൽകാൻ കഴിയാത്ത മത്സ്യത്തൊഴിലാളികൾക്ക് ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ ധനസഹായം നൽകുന്നതിനാവശ്യമായ നിർദ്ദേശം നൽകി. ​കോൾപാടങ്ങളിലെ കർഷകർക്ക് തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി ഗോഡൗൺ സൗകര്യങ്ങളൊരുക്കാൻ നടപടിക്കായി നിർദ്ദേശം നൽകി.

എം.എൽ.എമാരായ ശ്രീ. പി. ഉബൈദുള്ള, ശ്രീ. കുറുക്കോളി മൊയ്തീൻ, ജില്ലാ കളക്ടർ ശ്രീ. കെ. ഗോപാലകൃഷ്ണൻ ഐ.എ.എസ്, പി.എ.യു പ്രൊജക്റ്റ് ഡയറക്ടർ ശ്രീമതി പ്രീതി മേനോൻ, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ.ഷിബുലാൽ, അസി. പ്രൊജക്റ്റ് ഓഫീസർ ശ്രീമതി എ. ആതിര എന്നിവർ നേരിട്ടും നിയുക്ത എം.പി ശ്രീ. എം.പി അബ്ദുസ്സമദ് സമദാനി, നിയുക്ത എം.എൽ.എമാരായ ശ്രീ. പി.കെ കുഞ്ഞാലിക്കുട്ടി, ശ്രീ. ടി.വി ഇബ്രാഹിം, ശ്രീ. പി. അബ്ദുൾ ഹമീദ്, കെ.പി.എ മജീദ്, ശ്രീ. ആബിദ് ഹുസൈൻ തങ്ങൾ, അഡ്വ. ആു.എ ലത്തീഫ് എന്നിവരും ജില്ലാതല ഉദ്യോഗസ്ഥരും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരും മുനിസിപ്പൽ സെക്രട്ടറിമാരും വീഡിയോ കോൺഫറൻസ് വഴിയും യോഗത്തിൽ പങ്കെടുത്തു. യോഗം ഉച്ചക്ക് 12.00 മണിക്ക് സമാപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button