മന്ത്രി കെടി ജലീല്‍ രാജിവെച്ചു
തിരുവനന്തപുരം: മന്ത്രി കെടി ജലീല്‍ രാജിവെച്ചു. അല്‍പസമയം മുമ്പാണ് മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയത്. ബന്ധു നിയമനക്കേസില്‍ ജലീലിന് മന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്ന ലോകായുക്ത ഉത്തരവിനെതിരേ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി കോടതി പരിഗണിക്കുന്നതിനിടെയാണ് ജലീലിന്റെ രാജി.
ബന്ധുനിയമനവുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ ജലീല്‍ യോഗ്യനല്ലെന്നു ലോകായുക്ത ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ജലീല്‍ ഹൈക്കോടതിയില്‍ റിട്ട്. ഹര്‍ജി സമര്‍പ്പിച്ചിരുന്നു. പിന്നാലെയാണ് രാജി വച്ചത്.
സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി മന്ത്രി കെ.ടി. ജലീല്‍ ബന്ധു കെ.ടി. അദീബിനെ നിയമിച്ചത് നിയമവിരുദ്ധമാണെന്നും, മന്ത്രിസ്ഥാനത്ത് തുടരാന്‍ ജലീല്‍ യോഗ്യനല്ലെന്നുമായിരുന്നു ലോകായുക്ത ഉത്തരവ്.
അബീദിന്റെ നിയമനത്തിനായി ജനറല്‍ മാനേജറുടെ വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റം വരുത്തിയതായി ലോകായുക്ത നിരീക്ഷിച്ചു
മന്ത്രി പദവി സ്വകാര്യ താല്‍പര്യത്തിനായി ദുരുപയോഗം ചെയ്യുകയും പക്ഷപാതപരമായി പെരുമാറുകയും ചെയ്തു. ഇതിലൂടെ മന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്നുമാണ് ലോകായുക്ത കണ്ടെത്തിയത്.