ഫോണിലൂടെ എന്തോ ബഹളം കേട്ടെന്ന് വീട്ടുകാര്‍; സ്വകാര്യ ബസ് ഡ്രൈവറെ കാറിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത
കറുകച്ചാല്‍: സ്വകാര്യ ബസ് ഡ്രൈവറായ രാഹുല്‍ എന്ന 35 കാരനെ കാറിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. വെള്ളി രാത്രി 7.45ന് ബസിലെ ജോലി കഴിഞ്ഞു കൂട്ടുകാര്‍ക്കൊപ്പം നെടുംകുന്നത്ത് വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ പോയ രാഹുല്‍ 9.30നു ഭാര്യ ശ്രീവിദ്യയുമായി സംസാരിച്ചു. പിന്നീട് വിളിച്ചപ്പോള്‍ രാഹുല്‍ ഫോണ്‍ എടുത്തെങ്കിലും സംസാരിച്ചില്ലെന്നാണു വീട്ടുകാര്‍ പറയുന്നത്.
ഫോണില്‍ എന്തോ ബഹളം കേട്ടതായും ഇവര്‍ പറയുന്നു. രാഹുലിന്റെ സുഹൃത്തുക്കളുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ശനിയാഴ്ച പുലര്‍ച്ചെയാണ് തൊമ്മച്ചേരി ബാങ്ക് പടിക്കു സമീപം രാഹുലിനെ സ്വന്തം കാറിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.രാഹുല്‍ രാത്രിയില്‍ സുഹൃത്തിന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തപ്പോള്‍ കൂടെയുണ്ടായിരുന്നെന്നും അതിനുശേഷം ഒന്നിച്ചു തൊട്ടടുത്ത വര്‍ക്‌ഷോപ് വരെ പോയെന്നുമാണ് കൂട്ടുകാരുടെ മൊഴി.
വര്‍ക്‌ഷോപ്പില്‍ നിന്നു രാഹുല്‍ സ്വന്തം കാര്‍ എടുത്ത് പോയതായും അവര്‍ പറയുന്നു. തുടര്‍ന്നാണ് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.അതേസമയം, വര്‍ക്‌ഷോപ് മുതല്‍ രാഹുല്‍ മരിച്ചു കിടന്ന സ്ഥലം വരെയുള്ള ഭാഗത്തെ വീടുകളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനാണ് പൊലീസിന്റെ തീരുമാനം.നേരത്തെ, രാഹുലിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഫൊറന്‍സിക് സര്‍ജനാണ് മരണത്തെപ്പറ്റി സംശയം പ്രകടിപ്പിച്ചത്.