Latest NewsNationalNews

മറ്റൊരു സ്ത്രീയുമായി വിവാഹ നിശ്ചയം, കാമുകനെ ആസിഡൊഴിച്ച് കൊന്ന് കാമുകി

കാമുകിയുടെ ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരണപ്പെട്ടു. വ്യാഴാഴ്ച്ച രാവിലെയാണ് 28 കാരനായ യുവാവിന് നേരെ കാമുകിയായ സ്ത്രീ ആസിഡ് ഒഴിച്ചത്. മറ്റൊരു സ്ത്രീയുമായി വിവാഹം നിശ്ചയിച്ചതിന്റെ പേരിലായിരുന്നു ആക്രമണം. ഉത്തര്‍പ്രദേശിലെ കാസ്ഘഞ്ജ് സ്വദേശിയായ ദേവേന്ദ്ര രജ്പുത്ത് (28) കൊല്ലപ്പെട്ടത്. സോനം പാണ്ഡേ എന്ന സ്ത്രീയുമായിട്ടായിരുന്നു ദേവേന്ദ്രയ്ക്ക് അടുപ്പമുണ്ടായിരുന്നത്. വിവാഹിതയായ സോനത്തിന് ഒരു പെണ്‍കുഞ്ഞുമുണ്ട്. ഭര്‍ത്താവും കുഞ്ഞും മറ്റൊരിടത്തായിരുന്നു താമസം. ആശുപത്രി ജീവനക്കാരായ രണ്ടുപേരും ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒന്നിച്ച് ജോലി ചെയ്തിരുന്നു.

ഈ സമയത്താണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നത്. പിന്നീട് രണ്ടു പേരും രണ്ടിടങ്ങളിലേക്ക് ജോലി മാറി പോയെങ്കിലും ബന്ധം തുടര്‍ന്നു. ആഗ്രയിലെ ഗാന്ധാരി ഏരിയയില്‍ ഒറ്റയ്ക്കായിരുന്നു സോനം താമസിച്ചിരുന്നത്. ആഗ്രയില്‍ ജോലി ലഭിച്ചതോടെ ദേവേന്ദ്രയും ഇവിടേക്ക് എത്തി. ഇതിനിടയിലാണ് ദേവേന്ദ്രയുടെ വീട്ടുകാര്‍ മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിക്കുന്നത്. ഏപ്രില്‍ 28 ന് വിവാഹം നടത്താനും തീരുമാനിച്ചു. മറ്റൊരു സ്ത്രീയുമായി ബന്ധമുള്ള വിവരം ദേവേന്ദ്ര വീട്ടുകാരെ അറിയിച്ചിരുന്നില്ല.

കാമുകന്‍ വിവാഹം കഴിക്കുന്ന വാര്‍ത്ത അറിഞ്ഞതോടെയാണ് സോനം ആക്രമണത്തിന് പദ്ധതിയിട്ടത്. വ്യാഴാഴ്ച്ച രാവിലെ ദേവേന്ദ്രയോട് സോനം വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. കേടായ ഫാന്‍ റിപ്പയര്‍ ചെയ്യണമെന്ന ആവശ്യം പറഞ്ഞായിരുന്നു വീട്ടിലേക്ക് വിളിച്ചത്. വീട്ടിലെത്തിയ ശേഷം വിവാഹത്തിന്റെ കാര്യം പറഞ്ഞ് ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഇതിനിടയില്‍ സോനം നേരത്തേ കരുതിവെച്ച ആസിഡ് ദേവേന്ദ്രയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു.

ആസിഡ് ആക്രമണത്തില്‍ എണ്‍പത് ശതമാനം പൊള്ളലേറ്റ ദേവേന്ദ്രയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ മരണപ്പെടുകയായിരുന്നു. ആസിഡ് ഒഴിക്കുന്നതിനിടയില്‍ സോനത്തിനും പൊള്ളലേറ്റിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലുള്ള സോനം ആശുപത്രിയില്‍ ചികിത്സയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button