തൂങ്ങി മരിക്കാന്‍ ശ്രമിക്കുന്നതിനിടെ രക്ഷപ്പെടുത്തിയ യുവാവ് കിണറ്റില്‍ ചാടി ആത്മഹത്യചെയ്‌തു
മാവുങ്കാല്‍: തൂങ്ങിമരിക്കാനുള്ള ശ്രമത്തിനിടയില്‍ ബന്ധുക്കളും നാട്ടുകാരും രക്ഷിച്ച യുവാവ് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. മാവുങ്കാല്‍ ഉദയംകുന്ന് മണ്ണടിയില്‍ പരേതനായ കുഞ്ഞപ്പന്റെ മകന്‍ അജു അജയനാണ്(42) ആണ് മരിച്ചത്.
വീട്ടിനകത്ത് തൂങ്ങിമരിക്കാന്‍ ശ്രമിച്ച അജയനെ ബന്ധുക്കളും നാട്ടുകാരും കൂടി രക്ഷപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആളുകള്‍ നോക്കി നില്‍ക്കേ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്. വീട്ടില്‍ അമ്മ മാത്രമുണ്ടായിരുന്ന സമയത്താണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്.
മകന്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നത് കണ്ട അമ്മ സരോജിനി ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ സംസാരിച്ച് സമാധാനപ്പെടുത്തിയ യുവാവ് കുളിമുറിയിലേക്കെന്ന് പറഞ്ഞ് വീടിന് പുറത്തേക്ക് പോയി.
വീടിന് പുറകിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ ചാടുകയായിരുന്നു. നാട്ടുകാരില്‍ ചിലര്‍ കൂടെ ചാടിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിറയെ വെള്ളവും ആഴവുമുള്ള കിണറായിരുന്നു. ഫയര്‍ഫോഴ്സ് എത്തിയാണ് അജയനെ പുറത്തെടുത്തത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: വിലാസിനി. അര്‍ജുന്‍, അതുല്യ എന്നീ രണ്ട് മക്കളാണുള്ളത്. അനിത, അജിത, പരേതനായ അനില്‍ എന്നിവര്‍ സഹോദരങ്ങളാണ്.