Latest NewsPoliticsWorld

താലിബാന് തിരിച്ചടി: പാക്കിസ്ഥാനെതിരെ കാബൂളില്‍ പ്രതിഷേധം കത്തുന്നു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ അവസാന തുരുത്തും പിടിച്ചെടുത്ത് താലിബാന്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തുനിയുമ്പോള്‍ തദ്ദേശീയരില്‍ നിന്നും കനത്ത എതിര്‍പ്പുയരുന്നു. താലിബാനുള്ളില്‍ ഉയര്‍ന്ന അധികാര തര്‍ക്കത്തെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ പൊതുസമ്മതനായ മുല്ല മുഹമ്മദ് ഹസ്സന്‍ അഖുന്ദിനെ പ്രധാനമന്ത്രിയായി താലിബാന്‍ പരിഗണിക്കുന്നതിനിടെയാണ് കാബൂളില്‍ പൊതുജനങ്ങളുടെ വന്‍ പ്രതിഷേധം ഉരുത്തിരിഞ്ഞിരിക്കുന്നത്.

താലിബാന്‍, പാക്കിസ്ഥാന്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ തെരുവില്‍ ഇറങ്ങിയത്. പ്രതിഷേധക്കാര്‍ക്ക് നേരെ താലിബാന്‍ വെടിയുതിര്‍ത്തെന്നും റിപ്പോര്‍ട്ടുണ്ട്. അഫ്ഗാന്‍ സന്ദര്‍ശിക്കുന്ന പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയുടെ തലവന്‍ താമസിക്കുന്ന സെറീന ഹോട്ടലിലേക്കാണ് പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തിയത്.

പഞ്ച്ഷീറിലെ അഫ്ഗാന്‍ പ്രതിരോധ സേനയ്ക്ക് പിന്തുണ അര്‍പ്പിച്ചും താലിബാന്റെ ഭീകരഭരണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സമാധാനപരമായാണ് പ്രതിഷേധം. ഇവര്‍ക്കെതിരെ താലിബാന്‍ വെടിയുതിര്‍ത്തിങ്കിലും ആര്‍ക്കെങ്കിലും അപകടം സംഭവിച്ചതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ വന്ന വീഡിയോകളില്‍ പാക്കിസ്ഥാന് മരണം, പാക്കിസ്ഥാനി പാവഭരണം ഞങ്ങള്‍ക്ക് വേണ്ട, പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ വിടൂ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് മുഴക്കുന്നത്. ഇവരെ പിരിച്ചുവിടാനാണ് താലിബാന്‍ ആകാശത്തേക്ക് വെടിവച്ചതെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

ഐഎസ്ഐ ഒഴിഞ്ഞുപോകു എന്നാണ് കാബൂളിലെ പാക് ഏംബസിക്ക് മുമ്പില്‍ ഒരുവനിത ഏന്തിയ പ്ലാക്കാര്‍ഡില്‍ എഴുതിയിരുന്നത്. ഇസ്ലാമിക സര്‍ക്കാര്‍ പാവം ജനങ്ങള്‍ക്ക് നേരേ വെടിവയ്ക്കുന്നു എന്ന് ഭയചകിതയായ ഒരു സ്ത്രീ തെരുവില്‍ വിളിച്ചുപറയുന്നത് കേള്‍ക്കാം.

താലിബാന്‍ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്ന മുല്ല മുഹമ്മദ് ഹസ്സന്‍ അഖുന്ദ് യുഎന്‍ ഭീകര പട്ടികയിലുള്ള താലിബാന്‍ നേതാവാണ്. ഇരുപത് വര്‍ഷമായി താലിബാന്‍ ഉന്നതാധികാര സഭയായ റെഹ്ബാരി ശുരയുടെ തലവനാണ്. അമേരിക്കന്‍ അധിനിവേശത്തിന് മുന്‍പത്തെ താലിബാന്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. സൈനിക നേതാവ് എന്നതിലുപരി മത നേതാവ് എന്ന നിലയിലാണ് ഹസ്സന്‍ അറിയപ്പെടുന്നത്.

താലിബാന്റെ മതനേതാവ് ഷെയ്ഖ് ഹിബാതുള്ള അഖുന്‍സാദയുമായി അടുത്ത ബന്ധമുള്ള നേതാവുകൂടിയാണ് ഇയാള്‍. പാശ്ചാത്യരോടും മുജാഹിദിനുകളോടും ഒരുപോലെ അകലം പാലിക്കുന്ന ഹസ്സന്‍, പാക്കിസ്ഥാനില്‍ നിന്നാണ് വിദ്യാഭ്യാസം നേടിയത്.

മൂന്നാഴ്ച മുമ്പാണ് താലിബാന്‍ അഫ്ഗാനിസ്ഥാന്റെ അധികാരം പിടിച്ചെടുത്തതായി പ്രഖ്യാപിച്ചത്. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും രാജ്യത്ത് ഒരു സര്‍ക്കാറിനെ നിയോഗിക്കാന്‍ സംഘടനയ്ക്ക് ആയിരുന്നില്ല. താലിബാനിലെ ഒന്നിലധികം വിഭാഗങ്ങള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് സര്‍ക്കാര്‍ രൂപീകരണത്തില്‍ തിരിച്ചടിയായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button