മാര്‍പാപ്പയ്ക്ക് ഇന്ത്യയിലേക്ക് ക്ഷണം
റോം: ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റോമിലെത്തിയ പ്രധാനമന്ത്രി വത്തിക്കാനില്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഒന്നേകാല്‍ മണിക്കൂറിലേറെ നീണ്ടുനിന്ന കൂടിക്കാഴ്ചയിലാണ് മാര്‍പാപ്പയെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചത്. വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടരി കര്‍ദിനാള്‍ പിയത്ര പരോളിന്‍ ഉള്‍പ്പെട്ട പ്രതിനിധി സംഘവുമായും മോദി സംസാരിച്ചു. മാര്‍പാപ്പയെ സന്ദര്‍ശിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിര ഗാന്ധി, ഐ.കെ. ഗുജ്‌റാള്‍, എ.ബി. വാജ്‌പേയ് എന്നിവരാണ് മാര്‍പാപ്പയെ മുന്‍പ് സന്ദര്‍ശിച്ചിട്ടുള്ളത്.