മണ്ഡല- മകരവിളക്ക് തീർത്ഥാടനം; നിലയ്ക്കലിൽ സ്പെഷ്യാലിറ്റി ആശുപത്രി ഉടൻ പ്രവർത്തനം ആരംഭിക്കും, നിർമ്മാണ ഉദ്ഘാടനം നാളെ

ശബരിമല മണ്ഡല- മകരവിളക്ക് തീർത്ഥാടന സീസൺ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കേ, തീർത്ഥാടകരുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനായി നിലയ്ക്കലിൽ അത്യാധുനിക സംവിധാനങ്ങളുള്ള സ്പെഷ്യാലിറ്റി ആശുപത്രി ഉടൻ പ്രവർത്തനം ആരംഭിക്കും. നാട്ടുകാരുടെയും തീർത്ഥാടകരുടെയും സേവനത്തിന് ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ആശുപത്രി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ദേവസ്വം ബോർഡ് അനുവദിച്ച നിലയ്ക്കലിലെ ഭൂമിയിൽ 6.12 കോടി രൂപ ചെലവഴിച്ചാണ് ആശുപത്രി സജ്ജീകരിക്കുന്നത്. ആശുപത്രിയുടെ നിർമ്മാണ ഉദ്ഘാടനം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും. ശബരിമലയിൽ എത്തുന്ന തീർത്ഥാടകരുടെ ആരോഗ്യസുരക്ഷ കണക്കിലെടുത്താണ് ഈ ബേസ് ക്യാമ്പ് ആശുപത്രി ഒരുക്കുന്നത്.
10,700 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിൽ റിസപ്ഷൻ, പൊലീസ് ഹെൽപ് ഡെസ്‌ക്, മൂന്ന് ഒപി മുറികൾ, അത്യാഹിത വിഭാഗം, നഴ്സ് സ്റ്റേഷൻ, ഇസിജി റൂം, ഐസിയു, ഫാർമസി, സ്റ്റോർ, ഡ്രസ്സിംഗ് റൂം, പ്ലാസ്റ്റർ റൂം, ലാബ്, സാമ്പിൾ കളക്ഷൻ ഏരിയ, ഇ-ഹെൽത്ത് റൂം, ഇലക്ട്രിക്കൽ പാനൽ റൂം, ലിഫ്റ്റ് റൂം, ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഒന്നാം നിലയിൽ എക്സ്-റേ റൂം, ഓഫീസ് റൂം, ഡോക്ടർമാർക്കുള്ള റൂം, മൈനർ ഓപ്പറേഷൻ തിയേറ്റർ, സ്‌ക്രബ് ഏരിയ, ഓട്ടോക്ലേവ്, ഡ്രസ്സിംഗ് റൂം, സ്റ്റോർ റൂം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
Tag: Mandala-Makaravilakku pilgrimage; Specialty hospital to start functioning soon in Nilakkal, construction inauguration tomorrow



