ഓൺലൈൻ വഴി വില ഉറപ്പിച്ച് പണമിടപാടും കഞ്ചാവ് മൊത്തവിതരണവും; യുവാവ് പിടിയിൽ

തൃശ്ശൂർ: നഗരത്തിൽ വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് മൊത്തവിതരണം നടത്തിയിരുന്ന യുവാവ് പിടിയിൽ. പൊങ്ങണംകാട് സ്വാദേശി അനീഷാണ് രണ്ടര കിലോ കഞ്ചാവുമായി തൃശ്ശൂർ എക്സൈസ് റേഞ്ച് പാർട്ടിയുടെ പിടിയിലായത്.
ആന്ധ്രാപ്രദേശിൽ നിന്നും കഞ്ചാവ് സംഭരിച്ചു വില്പന നടത്തി വന്ന സംഗത്തിലെ പ്രധാന കണ്ണിയാണ് പിടിയിൽ ആയ അനീഷ്. ആവശ്യക്കാർക്ക് ഓൺലൈനായി വില പറഞ്ഞു ഉറപ്പിച്ച ശേഷം തൃശ്ശൂർ ടൗണിൻ്റെ വിവിധ ഭാഗങ്ങളിലായാണ് ഇയാൾ വില്പന നടത്തിയിരുന്നത്. ഓൺലൈനിലായിരുന്നു പണമിടപാടുകൾ.
സംശയം തോന്നതിരിക്കാൻ ഹോട്ടലുകൾ കൂൾ ബാറുകൾ തുടങ്ങി പൊതു സ്ഥലങ്ങളിൽ വച്ചാണ് പൊതികൾ കൈമാറിയിരുന്നത്. കോട്ടപ്പുറത്തെ വാടക വീട് കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവർത്തനം.ഏറെ നാളത്തെ നിരീക്ഷണത്തിന് ശേഷമാണ് ഉദ്യോഗസ്ഥർ ഇയാളെ പിടികൂടിയത്. മാസത്തിൽ 3 തവണ ആന്ധ്രയിൽ പോയി വൻതോതിൽ കഞ്ചാവും ഹാഷിഷ് ഓയിലും കൊണ്ടുവരുന്നതായി പ്രതി എക്സൈസിനോട് പറഞ്ഞു.
ആന്ധ്രയിൽ നക്സൽ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചു കഞ്ചാവിന്റെ വിളവെടുപ്പ് കഴിഞ്ഞതിനാൽ മലയാളികളായ ഇടനിലക്കാർ വൻതോതിൽ കഞ്ചാവ് കേരളത്തിലേക്ക് കടത്താൻ പദ്ധതി ഇടുന്നതായി പ്രതിയിൽ നിന്നും വിവരം ലഭിച്ചു. ഇയാളുടെ സംഘത്തിൽ ഉള്ളവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരുന്നതായി അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ വി സലിം അറിയിച്ചു.