ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്: മഞ്ചേശ്വരം എം.എൽ.എ എം.സി ഖമറുദ്ദീന്റെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും.

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ മുസ്‌ലിം ലീഗ് നേതാവും മഞ്ചേശ്വരം എംഎല്‍എയുമായ എം.സി കമറുദ്ദീനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എഎസ്പി വിവേക് കുമാര്‍. ഇന്ന് രാവിലെ 10.30 മുതലാണ് കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസില്‍ വച്ച് എംഎല്‍എയെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്. മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ ഇപ്പോഴും തുടരുകയാണ്.തട്ടിപ്പ് നടത്തിയതിന് തെളിവുകളുണ്ടെന്ന് എഎസ്പി പ്രതികരിച്ചു.
നിക്ഷേപ സമാഹരണം നടത്തിയത് തന്റെ മാത്രം ഉത്തരവാദിത്ത ത്തിലല്ലെന്നായിരുന്നു അന്വേഷണ സംഘത്തിനു മുന്നില്‍ കമറുദ്ദീന്റെ മൊഴി. അതേസമയം, ജ്വല്ലറി മാനേജിങ് ഡയറക്ടര്‍ ടികെ പൂക്കോയ തങ്ങളെയും മറ്റ് ഡയറക്ടര്‍മാരെയും ചോദ്യം ചെയ്തതില്‍ നിന്നും ശക്തമായ തെളിവുകളാണ് എംഎല്‍എക്കെതിരെ ലഭിച്ചിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കി.
‘
800 ഓളം നിക്ഷേപകരിൽ നിന്നായി 150 കോടിയിലേറെ തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം. ഉദുമയിലും കാസർകോടും ഉൾപ്പെടെ ഒട്ടേറെ കേസുകൾ ഖമറുദ്ദീനെതിരേ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസില്‍ പരാതികളുടെ എണ്ണം 115 ആയ ഘട്ടത്തിലാണ് പ്രത്യേക അന്വേഷണ സംഘം എംസി കമറുദ്ദീനെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്. ഓഗസ്റ്റ് 27നാണ് ഫാഷന്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെയാണ് നിക്ഷേപകർ പരാതി നൽകിയത്.
അന്വേഷകസംഘം ഇതിനകം 80 പേരിൽനിന്ന് മൊഴിയെടുത്തിരുന്നു. കഴിഞ്ഞ ദിവസം പൂക്കോയതങ്ങളെയും ലീഗ് നേതൃത്വം മധ്യസ്ഥനായി നിയോഗിച്ച കല്ലട്ര മായിൻഹാജിയെയും ചോദ്യം ചെയ്തിരുന്നു. ഇതിന് തുടർച്ചയെന്നോണമാണ് എംഎൽഎയെയും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം എത്തിയത്. നിക്ഷേപകർക്ക് പണം പറഞ്ഞ സമയത്തിനകം തിരിച്ചുനൽകാൻ എം.എൽ.എയ്ക്ക് കഴിയുമെന്ന് കരുതുന്നില്ലെന്ന് പ്രശ്ന പരിഹാരത്തിനായി ലീഗ് നേതൃത്വം നിയോഗിച്ച കല്ലട്ര മായിൻഹാജി നേതൃത്വത്തിനു റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് പ്രശ്നം എം.എൽ.എ തന്നെ നേരിടണമെന്ന് ലീഗ് നേതൃത്വം നിലപാടെടുക്കുകയും ചെയ്തിരുന്നു.