മാങ്കുളത്ത് പുള്ളിപ്പുലിയെ പിടികൂടി കൊന്ന് കറിവച്ചു തിന്നു, അഞ്ച് പേർ അറസ്റ്റിലായി.

ഇടുക്കി / ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കെണിവച്ച് പിടികൂടി കൊന്ന് കറിവച്ചു ഭക്ഷിച്ച സംഭവത്തിൽ അഞ്ച് പേർ വനംവകുപ്പിന്റെ പിടിയിലായി. ബുധനാഴ്ച രാത്രിയിൽ മാങ്കുളം സ്വദേശി വനോദിന്റെ നേതൃത്വത്തിൽ കെണിവെച്ച് പിടികൂടിയ ആറുവയസുള്ള പുലിയെ വോനോടും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിൽ മാങ്കുളം സ്വദേശികളായ മുനിപാറ വിനോദ്, ബേസില്‍, വി.പി. കുര്യാക്കോസ്, സി.എസ്. ബിനു, സലി കുഞ്ഞപ്പന്‍, വടക്കും ചാലില്‍ വിന്‍സന്റ് എന്നിവരാണ് അറസ്റ്റിലായത്. വനത്തോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ നിന്നാണ് പുലിയെ കെണിവച്ച് പിടിച്ചത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. വിനോദിന്റെ കൃഷിയിടത്തില്‍ കെണി വെച്ചാണ് അഞ്ചംഗ സംഘം പുലിയെ പിടി കൂടുന്നത്. പുലിയെ കൊന്നു മാംസം സംഘാംഗങ്ങള്‍ വീതിച്ചെടുക്കുകയായിരുന്നു. തുടർന്ന് പുലിയുടെ തോലുരിച്ച് പത്തുകിലോയോളം ഇറച്ചിയെടുത്ത് കറിയാക്കി എന്നാണ് വനം വകുപ്പ് പറയുന്നത്. വിൽപ്പനക്കായി മാറ്റി വെച്ചിരുന്ന പുലിയുടെ തോലും പല്ലും നഖവും മറ്റു അവശിഷ്ടങ്ങളും കറിയും വനംവകുപ്പിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടുകയായിരുന്നു.