മണ്ണാറശാല ആയില്യം ഇന്ന്
ഹരിപ്പാട്: പ്രസിദ്ധമായ മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവം ഇന്ന് നടക്കും. കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ ആചാര പ്രകാരമുള്ള ചടങ്ങുകള്‍ മാത്രമായാണ് ആയില്യം ആഘോഷം. മുഖ്യ പൂജാരിണി മണ്ണാറശാല അമ്മ ദിവ്യ ഉമാദേവി അന്തര്‍ജനത്തിന്റെ അനാരോഗ്യം കാരണം ആയില്യം എഴുന്നള്ളത്തും അമ്മ നടത്തേണ്ട വിശേഷാല്‍ പൂജകളും ഉണ്ടായിരിക്കില്ല. അമ്മയുടെ ദര്‍ശനത്തിനും നിയന്ത്രണമുണ്ടായിരിക്കും.
കുടുംബ കാരണവരുടെ നേതൃത്വത്തിലുള്ള പൂജകളും ഇതര ചടങ്ങുകളും നടക്കും. പൂയം ദിനമായ ഇന്നലെയും ആയില്യം ദിനമായ ഇന്നും വിശേഷാല്‍ തിരുവാഭരണം ചാര്‍ത്തിയാണ് പൂജകള്‍. ഇന്നലെ നിരവധി ഭക്തര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പൂയം തൊഴുതു.
പൂയം നാളില്‍ ഇളയ കാരണവര്‍ എം.കെ. കേശവന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ തിരുഭാവരണം ചാര്‍ത്തി ചതുഃശത നിവേദ്യത്തോടെയുള്ള ഉച്ചപൂജ നടന്നു. രാത്രി ഒമ്പത് മണി വരെ പൂയം തൊഴല്‍ നടന്നു. ഇന്ന് രാവിലെ അഞ്ചു മുതല്‍ ഉച്ചക്ക് രണ്ട് വരെയും തുടര്‍ന്ന് വൈകുന്നേരം അഞ്ച് മുതല്‍ ഏഴ് വരെയും മാത്രമായിരിക്കും ദര്‍ശനം. അന്നദാനം, പ്രസാദം ഊട്ട് എന്നിവ ഉണ്ടാകില്ല.