മണ്ണുത്തി– ഇടപ്പള്ളി ദേശീയപാത; സുപ്രീംകോടതി വിമർശനത്തിന് പിന്നാലെ അറ്റകുറ്റപ്പണി തുടങ്ങി
ദേശീയപാതയിലെ മോശം റോഡ് സ്ഥിതിയെ കുറിച്ച് സുപ്രീംകോടതി കടുത്ത വിമർശനം ഉന്നയിച്ചതിന് പിന്നാലെ മണ്ണുത്തി– ഇടപ്പള്ളി ദേശീയപാതയിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. ഹൈക്കോടതി പാലിയേക്കര ടോൾ പിരിവ് താൽക്കാലികമായി തടഞ്ഞ ഉത്തരവ് സുപ്രീംകോടതി ശരിവച്ചതിന് പിന്നാലെയാണ് നടപടി.
ചാലക്കുടി പേരാമ്പ്രയിൽ സർവീസ് റോഡിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചു. അപ്രോച്ച് റോഡുകൾ ഇരുവശവും ടാർ ചെയ്ത് യാത്രക്കാർക്ക് സുഖപ്രദമായ ഗതാഗതം ഉറപ്പാക്കുക എന്നാണ് കരാർ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
പാലിയേക്കര ടോൾ പിരിവ് തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരെ ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. “പൗരന്മാരുടെ ദുരവസ്ഥയാണ് ആശങ്കയെന്ന്” കോടതി വ്യക്തമാക്കി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ ഇടപെടാൻ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
ഇതിനുമുമ്പ് തന്നെ റോഡിന്റെ പരിതാപകരമായ അവസ്ഥയെ കുറിച്ച് സുപ്രീംകോടതി കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. “ഒരു മണിക്കൂറെടുക്കേണ്ട ദൂരത്തിന് 11 മണിക്കൂറിലേറെ ചിലവഴിച്ച സാഹചര്യമാണ് ഉണ്ടായത്. 12 മണിക്കൂർ ഗതാഗതക്കുരുക്കും ഉണ്ടായിട്ടുണ്ട്. ഇങ്ങനെ മോശം റോഡിനായി ജനങ്ങൾ എന്തിന് ടോൾ നൽകണം?” – ചീഫ് ജസ്റ്റിസ് ബി. ആർ. ഗവായ് ചോദിച്ചു.
Tag: Mannuthi-Edappally National Highway; Repairs begin after Supreme Court criticism