കോഴിക്കോട് നോര്‍ത്തില്‍ സിപിഎമ്മിന് വേണ്ടി മത്സരിക്കുന്നത് സംവിധായകന് രഞ്ജിത്തോ?….

കോഴിക്കോട്ടെ ഇടതുപക്ഷം സംഘടിപ്പിക്കുന്ന പരിപാടികളിലെ നിത്യസാന്നിധ്യമായ രഞ്ജിത്ത് കോഴിക്കോട് നോര്‍ത്തില്‍ മത്സരരംഗത്തിറങ്ങുമെന്ന കണക്കുക്കൂട്ടലിലാണ് ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍. തുടര്‍ച്ചയായി മൂന്ന് തവണ സിപിഎമ്മിലെ എ.പ്രദീപ് കുമാര്‍ പ്രതിനിധീകരിച്ച കോഴിക്കോട് നോര്‍ത്ത് ഇടതുപക്ഷത്തിന്റെ കോട്ടയായാണ് അറിയപ്പെടുന്നത്.
സിനിമാതാരം ധര്മജന് ബോള്‍ഗാട്ടി കോഴിക്കോട് ബാലുശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന വാര്‍ത്ത പുറത്തുവന്നതിനു പിറകെയാണ് ഇടതുപക്ഷം നഗരത്തില്‍ പ്രമുഖനെ മത്സരിപ്പിക്കുന്നുവെന്ന സൂചന പുറത്തുവന്നത്.
2011-ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ സിനിമാ നിര്‍മാതാവ് പി.വി.ഗംഗാധരനായിരുന്നു യുഡിഎഫിന്റെ സ്ഥാനാര്‍ഥിയായി പ്രദീപ്കുമാറിനെ നേരിട്ടത്. സിനിമാരംഗത്തുനിന്നുള്ള പിന്തുണയ്ക്കായി പലരെയും മണ്ഡലത്തിലെത്തിക്കാന്‍ ഗംഗാധരന് ശ്രമിച്ചപ്പോള്‍ പ്രദീപ്കുമാറിനായി രഞ്ജിത്ത് നേരിട്ട് രംഗത്തിറങ്ങിയിരുന്നു.
മൂന്ന് തവണ മത്സരിച്ചവര്‍ മത്സരത്തില്‍നിന്ന് മാറിനില്‍ക്കണമെന്ന സിപിഎം നിര്‍ദേശം പ്രദീപ് കുമാറിന്റെ കാര്യത്തിലും നടപ്പിലാക്കുകയാണെങ്കില്‍ ശക്തനായ പിന്‍ഗാമിയെ രംഗത്തിറക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഈ സാഹചര്യത്തിലാണ് മണ്ഡലത്തിലെ താമസക്കാരന്‍കൂടിയായ രഞ്ജിത്തിന്റെ പേര് സജീവമായി പരിഗണിക്കുന്നത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ കോഴിക്കോട് കോര്‍പറേഷന്റെ പ്രകടനപത്രിക പുറത്തിറക്കിയത് രഞ്ജിത്തായിരുന്നു. കോവിഡ് കാലത്ത് ഇടതുപക്ഷം നടപ്പിലാക്കിയ ഭക്ഷ്യധാന്യകിറ്റ് വിതരണത്തെ പ്രകീര്‍ത്തിച്ച് രഞ്ജിത്ത് നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനുമായും രഞ്ജിത്തിന് അടുത്ത ബന്ധമാണുള്ളത്. കോഴിക്കോടുവച്ച് നടന്ന പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തില്‍ മുഖ്യാതിഥിയായിരുന്നു രഞ്ജിത്ത്. മുന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റും കോഴിക്കോട് മേയറുമായിരുന്ന തോട്ടത്തില്‍ രവീന്ദ്രന്, മുന്‍ജില്ലാ പഞ്ചായത്ത് പ്രസിഡന്റും നാടക നടനുമായ ബാബു പറശേരി തുടങ്ങിയവരുടെ പേരുകളും കോഴിക്കോട് നോര്‍ത്തില്‍ പരിഗണിക്കുന്നുണ്ട്.