ബൈക്കിൽ കടത്തിക്കൊണ്ടു വന്ന ഒരു ലക്ഷം രൂപയുടെ കഞ്ചാവുമായി പാലക്കാട് യുവാക്കൾ പിടിയിലായി.

ബൈക്കിൽ കടത്തിക്കൊണ്ടു വന്ന ഒരു ലക്ഷം രൂപയുടെ കഞ്ചാവുമായി പാലക്കാട് ജില്ലയിലെ നെന്മാറ പഴയ ഗ്രാമത്തിൽ രണ്ടു യുവാക്കൾ പിടിയിലായി. എലവഞ്ചേരി പറശ്ശേരി സ്വദേശി ദീപു(26), അയ്യപ്പൻപാറ സ്വദേശി പ്രവീൺ(20) എന്നിവരാണ് നെന്മാറ പഴയ ഗ്രാമത്തിൽ അറസ്റ്റിലായത്. ലഹരി വിരുദ്ധ സ്ക്വാഡും എലവഞ്ചേരി പോലിസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. ഒരു കിലോ കഞ്ചാവ് ഇവരിൽ നിന്ന് കണ്ടെടുത്തു.
ഇവർസഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഞ്ചാവിന് ചില്ലറ വിപണിയിൽ ഒരു ലക്ഷം രൂപ വിലവരുമെന്ന് പോലിസ് പറഞ്ഞു. സംസ്ഥാന പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്റെ നേതൃത്ത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായായിരുന്നു പരിശോധന. തമിഴ്നാട്ടിൽനിന്നു കഞ്ചാവെത്തിച്ച് ആവശ്യക്കാർക്ക് മറിച്ചു വിൽക്കുകയാണ് സംഘം ചെയ്തിരുന്നത്. ട്രെയിൻ വഴിയാണ് നേരത്തേ കഞ്ചാവ് കടത്ത് നടന്നിരുന്നത്. ട്രെയിൻ ഗതാഗതം നിലച്ചതോടെയാണ് റോഡ് മാർഗം തിരഞ്ഞെടുത്തത്.
നെന്മാറ, അയിലൂർ, വടക്കഞ്ചേരി മലയോര മേഖല കേന്ദ്രീകരിച്ചാണ് വിൽപ്പന.ലോക് ഡൗൺ തുടങ്ങിയതോടെ കഞ്ചാവ് ലഭ്യത കുറഞ്ഞതിനാൽ വില ഇരട്ടിയാക്കിയിട്ടുണ്ട്. മീൻ, പച്ചക്കറി, മറ്റു ചരക്കു വാഹനങ്ങളിലുമാണ് കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നത്.
ഊടുവഴികളിലൂടെ ഇരുചക്ര വാഹനങ്ങളിലും കഞ്ചാവ് കടത്തുന്നതായി സൂചനകൾ ലഭിച്ചിട്ടുണ്ട്. പ്രതികളുടെ പേരിൽ കഞ്ചാവ് കേസും അടിപിടി കേസും നിലവിലുണ്ട്. കോവിഡ് പരിശോധനക്കു ശേഷമായിരിക്കും കോടതിയിൽ ഹാജരാക്കുക.
പാലക്കാട് ജില്ല പോലീസ് മേധാവി ശിവവിക്രം IPS ന്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ DySP. C.D. ശ്രീനിവാസൻ ആലത്തൂർ DySP കെ.എം ദേവസ്യ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.