കേരളത്തില്‍ മാവോയിസം ദുര്‍ബലമാകുന്നു
കോഴിക്കോട്: അര്‍ബന്‍ നക്‌സലിസത്തിന്റെ വിളനിലമാണെങ്കിലും മാവോയിസം കേരളത്തില്‍ ദുര്‍ബലമാകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം കബനി ദളത്തിലെ പ്രധാനി ലിജേഷ് കീഴടങ്ങിയത് മാവോയിസ്റ്റുകള്‍ക്ക് വലിയ തിരിച്ചടിയായിരുന്നു. കേരളത്തില്‍ മാവോവാദികള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നാണ് ഇയാള്‍ പറഞ്ഞത്. ലിജേഷിന്റെ കീഴടങ്ങലോടെ മാവോവാദികള്‍ക്ക് ഇടയില്‍ കാര്യമായ ഭിന്നിപ്പുണ്ടായിട്ടുണ്ടെന്നാണ് പോലീസ് വിലയിരുത്തുന്നത്.
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കീഴടങ്ങല്‍- പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായിട്ടാണ് ഒരു മാവോവാദി കീഴടങ്ങുന്നത്. ഇയാള്‍ ജില്ല പോലീസ് മേധാവി അരവിന്ദ് സുകുമാറിന് മുമ്പാകെയാണ് കീഴടങ്ങിയത്. പോലീസ് ഇയാളെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതല്‍ പേര്‍ ഇയാളുടെ പാത പിന്തുടര്‍ന്ന് കീഴടങ്ങാനെത്തുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. ലിജേഷ് ആയുധങ്ങളൊന്നുമില്ലാതെ കീഴടങ്ങിയത്.
തുടര്‍ന്ന് ഉത്തര മേഖല ഐജി അശോക് യാദവ് ജില്ലയിലെത്തി മാധ്യമങ്ങളെ വിവരം അറിയിക്കുകയായിരുന്നു. ലിജേഷ് കബനി ദളത്തിലെ ഡെപ്യൂട്ടി കമാന്‍ഡന്റാണ്. നിലവില്‍ വയനാട്ടില്‍ കബനി ദളം, നാടുകാണി ദളം, ബാണാസുര ദളം എന്നിങ്ങനെ മൂന്ന് കമ്മിറ്റികളാണ് മാവോവാദികള്‍ക്കുള്ളത്. ഇതില്‍ വയനാട്ടില്‍ പൂര്‍ണമായും പ്രവര്‍ത്തിക്കുന്നത് കബനി ദളവും ബാണാസുര ദളവുമാണ്. പുതിയ ദളത്തിന്റെ രൂപീകരണത്തിന് ശേഷമാണ് മാവോവാദികള്‍ കണ്ണൂര്‍ അമ്പായത്തോട്ടില്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സായുധ പ്രകടനം നടത്തിയത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മേപ്പാടി അട്ടമലയിലെ ലെഗസി ഹോം റിസോര്‍ട്ട് മാവോയിസ്റ്റ് ജനകീയ വിമോചന ഗറില്ലസേന ആക്രമിച്ചിരുന്നു.
ആദിവാസികളുടെ അവകാശത്തിനും അവരുടെ ചൂഷണത്തിനുമെതിരെയായിരുന്നു മാവോയിസ്റ്റുകള്‍ വയനാട്ടില്‍ പിറവി കൊണ്ടത്. പിന്നീട് ജില്ലയെ കേന്ദ്രീകരിച്ചായിരുന്നു എല്ലാ പ്രവര്‍ത്തനവും. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഏറ്റുമുട്ടലുകളില്‍ കേരളത്തിലാകെ എട്ട് മാവോവാദികളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷം പടിഞ്ഞാറത്തറ മീന്‍മുട്ടിയിലാണ് അവസാനമായി ഏറ്റുമുട്ടലുണ്ടായത്.
അതേസമയം കീഴടങ്ങലിന് ഇനി വേഗം വര്‍ധിക്കാനുള്ള കാരണങ്ങളും നിരവധിയാണ്. മുഖ്യധാരയിലേക്ക് വരുന്ന മാവോവാദികള്‍ക്ക് ലഭിക്കുന്നത് അഞ്ച് ലക്ഷം രൂപ വരെയാണ്. അര്‍ഹമായ തുകയുടെ പകുതി പണമായും ബാക്കി സ്ഥിരനിക്ഷേപമായും നല്‍കും. സ്ഥിരനിക്ഷേപം പണയാധാരമാക്കി സ്വയംതൊഴിലിന് വായ്പയെടുക്കാന്‍ അവകാശമുണ്ടാകും. തൊഴില്‍ പരിശീലനവും നല്‍കും.
മറ്റ് തൊഴിലുകളില്‍ ഏര്‍പ്പെടാത്ത പക്ഷം മൂന്ന് വര്‍ഷം വരെ പരിശീലന കാലത്ത് 10000 രൂപ വരെ അനുവദിക്കും. ആയുധങ്ങള്‍ ഹാജരാക്കിയാല്‍ 35000 രൂപയാണ് പാരിതോഷികം. വയനാട്ടില്‍ പോലീസ് ശക്തമായ തിരച്ചില്‍ നടത്തുന്നുണ്ട്. ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകള്‍ പലപ്പോഴും കേരളത്തെ ഒളിത്താവളമാക്കുന്നുണ്ടെന്ന ആക്ഷേപവും ശക്തമാണ്. എന്തായാലും മലയാളി മാവോയിസ്റ്റുകള്‍ മുഖ്യധാരയിലേക്ക് മടങ്ങാന്‍ തയാറായാല്‍ അത് വലിയ വഴിത്തിരിവാകുമെന്നാണ് പോലീസ് വിലയിരുത്തുന്നത്.