മഹാരാഷ്ട്രയിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് പിടികിട്ടാപുള്ളിയായ മാവോയിസ്റ്റ് നേതാവ് മിലിന്ദ് തെല്‍തുംബ്‌ഡെ
മുംബൈ: മഹാരാഷ്ട്രയിലെ ഗച്ച്‌റോളിയില്‍ ഇന്നലെ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് ഉന്നത മാവോയിസ്റ്റ് നേതാവ് മിലിന്ദ് തെല്‍തുംബ്ഡെ അടക്കം 20 പുരുഷന്മാരും 6 സ്ത്രീകളും. സിപിഎം മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റി അംഗമാണ് മിലിന്ദ് തെല്‍തുംബ്‌ഡെ. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ തിരിച്ചടി ഉണ്ടാകാതിരിക്കാന്‍ മഹാരാഷ്ട്ര, ആന്ധ്ര, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ സുരക്ഷാസേനകള്‍ അതീവ ജാഗ്രതയിലാണ്. തലയ്ക്ക് 50ലക്ഷം ഇനാം പ്രഖ്യാപിച്ചിരുന്ന പിടികിട്ടാപുള്ളിയാണ് കൊല്ലപ്പെട്ട മിലിന്ദ് തെല്‍തുംബ്‌ഡെ.
സിപിഎം മാവോയിസ്റ്റ് കേന്ദ്രം കമ്മറ്റി അംഗം എന്നതിന് പുറമെ മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളുടെ ചുമതലയും മിലിന്ദിനായിരുന്നു. ഭീമാകൊറേഗാവ് കേസില്‍ ജയിലിലുള്ള എഴുത്തുകാരനും വിദ്യാഭ്യാസപ്രവര്‍ത്തകനുമൊക്കെയായ ആനന്ദ് തെല്‍തുംബ്‌ഡെയുടെ സഹോദരനാണ് മിലിന്ദ്. ഇതേ കേസിലും മിലിന്ദ് പിടികിട്ടാപുള്ളിയാണ്.
മഹാരാഷ്ട്ര പോലീസിലെ മാവോയിസ്റ്റ് വിരുദ്ധ യൂണിറ്റാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് ഏറ്റുമുട്ടല്‍ നടത്തിയത്. ഇന്നലെ പുലര്‍ച്ചെ തുടങ്ങിയ ഏറ്റമുട്ടല്‍ 10 മണിക്കൂറിലേറെ നീണ്ടുനിന്നു. പ്രദേശത്ത് കൂടുതല്‍ കമാന്‍ഡോകളെ നിയോഗിച്ച് തിരച്ചില്‍ തുടരുകയാണ്. പരിക്കേറ്റ അഞ്ച് പോലീസുകാരുടെ നില ഗുരുതരമല്ല. നാഗ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.