ബിഹാറില്‍ മാവോയിസ്റ്റുകളുടെ താലിബാനിസം
പറ്റ്‌ന: ഗ്രാമവാസികളായ നാല് പേരെ മാവോയിസ്റ്റ് ഭീകരര്‍ തൂക്കിക്കൊന്നു. ബീഹാറിലെ ഗയയിലാണ് സംഭവം. ദുമാരിയയിലെ മനുവാള്‍ ഗ്രാമത്തില്‍ ശനിയാഴ്ചയാണ് ഈ ദാരുണസംഭവം അരങ്ങേറിയത്. ജില്ലയിലെ മാവോയിസ്റ്റുകളുടെ ആവാസ കേന്ദ്രമാണ് ദുമാരിയ എന്ന ഗ്രാമം. ഗ്രാമത്തിലെ രണ്ട് വീടുകള്‍ ഡൈനാമിറ്റ് ഉപയോഗിച്ച് ഇവര്‍ തകര്‍ത്തു. കഴിഞ്ഞ ദിവസം മാവോയിസ്റ്റുകളെ പിടികൂടാന്‍ പോലീസ് നടത്തിയ പരിശോധനയുടെ പ്രതികാരമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
സര്‍ജു സിംഗ് ഭോക്ത എന്നയാളുടെ വീടാണ് മാവോയിസ്റ്റുകള്‍ തകര്‍ത്തത്. ഇതിനു ശേഷം ഇയാളുടെ ഭാര്യയെയും മക്കളായ സതേന്ദ്ര സിംഗ് ഭോക്ത, മഹേന്ദ്ര സിംഗ് ഭോക്ത, കൂടാതെ മറ്റൊരു സ്ത്രീയെയും ഭീകരര്‍ തൂക്കിക്കൊന്നു. എന്നിട്ടും കലിയടങ്ങാതെ അവര്‍ ഗ്രാമത്തില്‍ വധഭീഷണി മുഴക്കിയതായി പ്രദേശവാസികള്‍ പറഞ്ഞു. ഏകദേശം 25 ഓളം മാവോയിസ്റ്റുകള്‍ പ്രദേശത്ത് താമസിക്കുന്നതായാണ് അറിവ്. സംഭവത്തെ തുടര്‍ന്ന് സിആര്‍പിഎഫ് സംഘവും മറ്റ് സുരക്ഷ ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി.