കേരള സർവകലാശാല മാർക്ക് തിരിമറി: പഴി സെക്ഷൻ ഓഫീസർക്ക്; കൈകഴുകി അധികൃതർ

തിരുവനന്തപുരം: കേരള സർവകലാശാല പരീക്ഷയിൽ മാർക്ക് തിരുത്തി നൽകിയതിൽ സെക്ഷൻ ഓഫീസർക്ക് മാത്രമേ പങ്കുളളൂവെന്ന് സർവകലാശാല അധികൃതർ.
വളരെ കുറച്ച് ഉദ്യോഗസ്ഥർക്ക് മാത്രം പാസ് വേഡ് ഉപയോഗിച്ച് കൈകാര്യം ചെയ്യുന്ന കംപ്യൂട്ടർ സംവിധാനം, അതിൽ ഭേദഗതികൾ വരുത്തണമെങ്കിൽ പരീക്ഷാ കൺട്രോളറും ഡെപ്യൂട്ടി രജിസ്ട്രാറും അടക്കമുളളവരുടെ അനുമതി ആവശ്യമാണ്. ഇത്തരത്തിൽ അതീവ സുരക്ഷയുള്ള ഇവിടെയാണ് ഒരു സെക്ഷൻ ഓഫീസർ വളരെ എളുപ്പത്തിൽ മാർക്ക് തിരിമറി നടത്തിയത്.
വളരെ യാദൃച്ഛികമായാണ് ഈ തട്ടിപ്പ് കണ്ടെത്തിയത്. ഒരു വിദ്യാർത്ഥി എഴുതിയ പരീക്ഷ റദ്ദാക്കാനുളള അപേക്ഷ പിൻവലിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്, ഈ വിദ്യാർത്ഥിയുടെ മാർക്കുകളിൽ പൊരുത്തക്കേട് കണ്ടെത്തിയത്.
തുടർന്ന് വിദ്യാർത്ഥിയെ ചോദ്യം ചെയ്തപ്പോഴാണ് സെക്ഷൻ ഓഫീസറായ വിനോദിന്റെ പങ്ക് തെളിഞ്ഞത്. പരീക്ഷയിൽ തോറ്റ പല വിദ്യാർത്ഥികളെയും ഇയാൾ ഇതുപോലെ സഹായിച്ചെന്ന് വ്യക്തമായി. എന്നാൽ അന്വേഷണം ഈ സെക്ഷൻ ഓഫീസറിൽ മാത്രമൊതുക്കാനാണ് സർവകലാശാലയുടെ നീക്കം.
നിലവിൽ ഏഴ് വിദ്യാർത്ഥികളുടെ മാർക്കുകളിൽ തിരിമറി തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ എഴുപതിലേറെ വിദ്യാർത്ഥികളുടെ രേഖകൾ വിശദമായി പരിശോധിക്കുകയാണ്. തട്ടിപ്പ് നടത്തിയ വിദ്യാർത്ഥികളുടെ കോഴ്സ് റദ്ദാക്കാനാണ് നീക്കം. മാർക്ക് തിരുമറിയിൽ പൊലീസ് അന്വേഷണത്തിനുളള നടപടികൾ തുടങ്ങിയെന്ന് സർവകലാശാല പറഞ്ഞു. പക്ഷെ ഇത്തരത്തിൽ ഒരു പരാതിയും സർവകലാശാലയിൽ നിന്നും കിട്ടിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.