സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥര്‍ക്ക് മാര്‍ക്കിടുന്നു: സ്ഥാനകയറ്റത്തിന് ഈ മാര്‍ക്ക് പരിഗണിച്ചേക്കും
തിരുവന്തപുരം: സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥര്‍ക്ക് ഇനി അവരുടെ കാര്യക്ഷമതയക്കനുസരിച്ച് മാര്‍ക്കിടും. ഭരണപരിഷ്‌കാര കമ്മീഷന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് പുതിയ തീരുമാനം.ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിനും സ്ഥാനകയറ്റത്തിനും പുതിയ മാനദണ്ഡങ്ങളും ഏര്‍പ്പെടുത്തും. പുതിയ തീരുമാനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജീവനക്കാരുടെ പ്രതിനിധികളുമായി വരും ദിവസങ്ങളില്‍ ചര്‍ച്ച നടത്തിയേക്കും. ചീഫ് സെക്രട്ടറി വി.പി ജോയ് ആണ് സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നത്.
വകുപ്പുകളില്‍ നിന്ന് വകുപ്പുകളിലേക്ക് തുടരെയുണ്ടാവുന്ന സ്ഥലം മാറ്റം ഒഴിവാക്കാന്‍ ഓരോ വകുപ്പിലും നിശ്ചിത കാലം സേവനത്തിലുണ്ടാവണമെന്ന് ഇനി നിഷകര്‍ഷിക്കും. കൂടാതെ അണ്ടര്‍ സെക്രട്ടറി മുതല്‍ സ്‌പെഷ്യല്‍ സെക്രട്ടറി വരെയുളളവര്‍ ഒരു വകുപ്പില്‍ കുറഞ്ഞത് രണ്ട് വര്‍ഷം ഉണ്ടാവണം.എന്നാല്‍ മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ നിര്‍ബന്ധമായും മറ്റൊരു വകുപ്പിലേക്ക് മാറിയിരിക്കണം. തുടങ്ങി നിരവധി മാനദണ്ഡങ്ങളാണ് പ്രാബല്യത്തില്‍ വരാന്‍ പോകുന്നത്.
കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടില്‍ ജീവനക്കാരുടെ കാര്യക്ഷമത വിലയിരുത്താനായി ഒന്ന് മുതല്‍ പത്ത് വരെയുള്ള സംഖ്യാ ഗ്രേഡിങ്ങിലേക്കാണ് ഇനി മാറുന്നത്. മുന്‍പ് ഇത് എ മുതല്‍ ഇ വരെയുള്ള അഞ്ച് വിഭാഗങ്ങളാക്കി തിരിക്കുകയായിരുന്നു.
മുന്‍പ് തന്നെ കേന്ദ്രസര്‍ക്കാര്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമതാ നിര്‍ണയം ഈ രീതിയിലേക്ക് മാറിയിരുന്നു. എന്നാല്‍ സംസ്ഥാനത്ത് ഇപ്പോഴും 1964-ല്‍ ഏര്‍പ്പെടുത്തിയ വിലയിരുത്തല്‍ സംവിധാനമാണ് ഇന്നും നിലനില്‍ക്കുന്നത്.