നാസയിൽ കൂട്ട പിരിച്ചു വിടൽ; ഏജൻസി വിടുന്നത് 3870 ജീവനക്കാർ

ഫെഡറൽ ജീവനക്കാരെ വെട്ടിക്കുറയ്ക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നടപടികളുടെ ഭാഗമായി കൂട്ടപ്പിരിച്ചു വിടലിനൊരുങ്ങി അമേരിക്കൻ ബഹിരാകാശഏജൻസിയായ നാസ. സേവനത്തിൽ നിന്ന് വിരമിക്കുന്ന 500 പേരുൾപ്പെടെ ഏകദേശം 3870 ജീവനക്കാർ രാജിവയ്ക്കുമെന്ന് നാസ സ്ഥിരീകരിച്ചു. നാസയുടെ ചരിത്രത്തിലാദ്യമാണ് ഇത്രയധികം പേരുടെ കൂട്ട രാജി. ഇതോടെ നാസയിലെ ജീവനക്കാരുടെ എണ്ണം ഏകദേശം 14000 ആയി കുറയും.
രാജി സമർപ്പിച്ച് നിശ്ചിത കാലയളവിന് ശേഷം മാത്രം രാജി പ്രാബല്യത്തിലാകുന്ന ഡിഫേഡ് റെസിഗ്നേഷൻ പദ്ധതിയ്ക്ക് കീഴിലാണ് പിരിച്ചുവിടൽ. രാജിയുടെ ആദ്യഘട്ടം2025 ന്റെ തുടക്കത്തിൽ തന്നെ ആരംഭിച്ചിരുന്നു. അന്ന് 870 ജീവനക്കാർ രാജി സമർപ്പിക്കാൻ തയാറായി. ജൂണിൽ ആരംഭിച്ച രണ്ടാം ഘട്ടത്തിൽ 16.4 ശതമാനം വരുന്ന 3000 ജീവനക്കാർ കൂടി രാജിസന്നദ്ധത അറിയിക്കുകയായിരുന്നു. ഭാവിയിലുണ്ടാകുന്ന നിർബന്ധിത പിരിച്ചുവിടൽ പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോഴത്തെ നടപടി എന്നാണ് ഔദ്യോഗിക വിശദീകരണം. ഇപ്പോൾ ജോലിക്കാർ സ്വമേധയാ ജോലി വിടുകയാണെന്നും രാജിക്കത്തുകൾ ഇപ്പോഴും പരിശോധനയിലാണെന്നും നാസ പറയുന്നു.
ജീവനക്കാരുടെ കൊഴിഞ്ഞു പോക്ക് നാസയുടെ ദൗത്യങ്ങളെ ബാധിച്ചേക്കാമെന്ന ആശങ്ക ഏജൻസിയിലുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഇതു ചൂണ്ടിക്കാട്ടികൊണ്ടുള്ള നാസയുടെ കത്ത് യുഎസ് ഗാതാഗതവകുപ്പിന്റെ തലവൻ കൂടിയായ ഇടക്കാല അഡ്മിനിസ്ട്രേറ്റർ കൂടിയിയ ഷോൺ ഡഫീക്ക് അയച്ചിട്ടുണ്ട്. ചെലവുചുരുക്കൽ ലക്ഷ്യമിട്ടുള്ള പ്രസിഡന്റ് ട്രംപിന്റെ വിവാദമായ ഫെഡറൻ പരിഷ്കാരങ്ങളാണ് നിലവിലെ പ്രശ്നങ്ങൾക്ക് പിന്നിലെന്നും ഇത് അമേരിക്കയുടെ ബഹിരാകാശ സ്വപ്നങ്ങൾക്ക് ദീർഘകാല പ്രത്യാഖ്യാതങ്ങൾ ഉണ്ടാക്കുമെന്നും ചിലർ അഭിപ്രായപ്പെടുന്നു.
Tag: Mass layoffs at NASA; 3,870 employees leaving the agency