കൂട്ട കോപ്പിയടി: സാങ്കേതിക സർവകലാശാല പരീക്ഷ റദ്ദാക്കി.

അഞ്ച് കോളേജികളിൽ കോപ്പിയടി കണ്ടെത്തിയതിനെ തുടർന്ന് ബി ടെക് പരീക്ഷ റദ്ദാക്കി. സാങ്കേതിക സർവകലാശാല വെള്ളിയാഴ്ച നടത്തിയ ബി ടെക്ക് മൂന്നാം സെമസ്റ്റർ മാത്താമാറ്റിക്സ് സപ്ലിമെന്ററി പരീക്ഷയാണ് റദ്ദാക്കിയത്. ചില കോളേജുകളിൽ നിന്ന് സംശയം തോന്നി വിദ്യാർത്ഥികളുടെ മൊബൈൽ പരിശോധിച്ചതോടെയാണ് കോപ്പിയടി പിടികൂടുന്നത്.
പരീക്ഷ ഹാളിൽ രഹസ്യമായി മൊബൈൽ വഴിയാണ് കോപ്പിയടി നടന്നത്. വാട്സ്ആപ്പ് ഗ്രൂപ്പ് വഴി വിദ്യാർത്ഥികൾ ഉത്തരം കൈമാറുക യായിരുന്നുവെന്നാണ് കണ്ടെത്തിയത്. ചോദ്യ പേപ്പർ ഫോട്ടോയെടുത്ത് ഗ്രൂപ്പുകളിൽ അയച്ച ശേഷമായിരുന്നു കോപ്പിയടി. പല കോളേജുകളിൽ നിന്നുളള വിദ്യാർത്ഥികൾ ചേർന്ന് ഇതിനായി പ്രത്യേക വാട്സാപ്പ് ഗ്രൂപ്പുകൾ തന്നെയുണ്ടാക്കിയിരുന്നു. ഇൻവിജിലേറ്റർമാർ ശാരീരിക അകലം പാലിച്ചത് മറയാക്കിയായിരുന്നു കൂട്ട കോപ്പിയടി അരങ്ങേറിയത്.
അതിവിദഗ്ദ്ധമായി കോപ്പിയടി നടന്നതിനാലാണ് 24 മണിക്കൂറിനുളളിൽ തന്നെ സർവകലാശാല പരീക്ഷകൾ റദ്ദാക്കിയത്. വലിയൊരു ശൃംഖല തന്നെ ഇതിന്റെ പിന്നിലുണ്ടെന്ന് കണ്ടെത്തി. ഇതിനെ തുടർന്നാണ് സാങ്കേതിക സർവകലാശാല പ്രോ വി.സിയുടെ നേതൃത്വത്തിൽ പരീക്ഷ റദ്ദാക്കാനുളള തീരുമാനമെടുക്കു കയായിരുന്നു. ക്രമക്കേട് കണ്ടെത്തിയ കോളേജുകളിൽ സൈബർ പൊലീസിന്റെ നേതൃത്വത്തിൽ കൂടുതൽ അന്വേഷണം നടത്തും.