കേരളത്തില്‍ കൂട്ട ആത്മഹത്യകളും അരുംകൊലകളും വര്‍ധിക്കുന്നു
കൊച്ചി: കോവിഡ് വ്യാപനത്തിന്റെ ആഘാതത്തില്‍ നിന്നും കരകയറിക്കൊണ്ടിരിക്കുന്ന മലയാളികള്‍ക്കിടയില്‍ കൂട്ട ആത്മഹത്യകളും അരുംകൊലകളും പെരുകുന്നു. ഒരുദിവസത്തിന്റെ ഇടവേളയില്‍ മൂന്ന് കുടുംബങ്ങളാണ് ഇല്ലാതായത്. കൊട്ടാരക്കരയില്‍ ഒരു കുടുംബത്തിലെ നാലു പേര്‍, ചെങ്ങന്നൂരില്‍ രണ്ടു പേര്‍, കോട്ടയം ബ്രഹ്‌മപുരത്ത് മൂന്നു പേര്‍. കേരളം ഇത്തരം അപകടവാര്‍ത്തകള്‍ കേട്ടാണ് ഓരോ മലയാളിയും ഉണരുന്നത്.
കൊട്ടാരക്കര നീലേശ്വരത്ത് കഴിഞ്ഞ ദിവസമാണ് നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെയും രണ്ടു മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ തൂങ്ങിമരിക്കുകയായിരുന്നു. കോട്ടയം ബ്രഹ്‌മപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരാണ് ആസിഡ് കുടിച്ച് മരിച്ചത്. ഗൃഹനാഥനും ഭാര്യയും മൂത്തമകളുമാണ് മരിച്ചത്. ഇളയ മകള്‍ ചികിത്സയിലാണ്. ചെങ്ങന്നൂരില്‍ ഭര്‍ത്താവ് കോവിഡ് ബാധിച്ച് മരിച്ചതില്‍ മനംനൊന്താണ് യുവതിയെ മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.
കൊട്ടാരക്കര നീലേശ്വരത്ത് ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊലപെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും നാട്. നീലേശ്വരം പൂജപ്പുര വീട്ടില്‍ രാജേന്ദ്രനെ (55) ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാജേന്ദ്രന്റെ ഭാര്യ അനിത (50), മക്കളായ ആദിത്യ രാജ് (24), അമൃത (21) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. ഭാര്യയെയും മക്കളെയും വെട്ടിക്കൊന്നതിനു ശേഷം രാജേന്ദ്രന്‍ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
വീട് തുറക്കാതിരുന്നതിനെ തുടര്‍ന്ന് സംശയം തോന്നിയ നാട്ടുകാര്‍ നോക്കിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. അതേസമയം രാജേന്ദ്രന്‍ മാസനികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്ന ആളാണെന്ന് ബന്ധുക്കള്‍ സൂചിപ്പിക്കുന്നു. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് ആറ് ലക്ഷം രൂപയുടെ കടമുണ്ടായിരുന്നതായി പരിസരവാസികള്‍ പറഞ്ഞു.
കോട്ടയം തലയോലപ്പറമ്പ് ബ്രഹ്‌മമംഗലത്ത് പ്രതിശ്രുതവധുവും മാതാപിതാക്കളുമാണ് ജീവനൊടുക്കിയത്. അടുത്ത മാസം വിവാഹം നടക്കാനിരിക്കെ കാലായില്‍ സുകുമാരന്‍ (52), ഭാര്യ സീന, മൂത്ത മകള്‍ സൂര്യ എന്നിവരാണ് മരിച്ചത്. ഇളയ മകള്‍ സുവര്‍ണ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ആസിഡ് കുടിച്ചാണ് നാലംഗ കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പിറവം കാരൂര്‍ക്കാവ് സ്വദേശിയുമായി സൂര്യയുടെ വിവാഹ നിശ്ചയം ഒക്ടോബര്‍ 10ന് ആയിരുന്നു.
ഡിസംബര്‍ 12ന് വിവാഹം നടക്കാനിരിക്കെയാണു മരണം. വിവാഹത്തിനാവശ്യമായ ക്രമീകരണം ആരംഭിച്ചിരുന്നു. സീനയുടെ മൃതദേഹം മുട്ടുചിറ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലും സൂര്യയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലുമാണ്. സുവര്‍ണ രാത്രി 11 മണിക്ക് സമീപത്തു താമസിക്കുന്ന ഇളയച്ഛന്‍ സന്തോഷിന്റെ വീട്ടിലെത്തി ആസിഡ് കഴിച്ച വിവരം പറയുമ്പോഴാണ് സംഭവം പുറത്തറിയുന്നത്. നാലു പേര്‍ അടങ്ങുന്ന കുടുംബം ഒറ്റമുറി വീട്ടിലായിരുന്നു താമസം. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്നാണ് വിവരം.
ചെങ്ങന്നൂരില്‍ മകള്‍ക്ക് വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കിയത് ഭര്‍ത്താവ് മരിച്ചതിന്റെ വിഷമത്തിലാണെന്നാണ് നിഗമനം. ചെങ്ങന്നൂര്‍ ആല സ്വദേശിനിയായ അതിഥിയും അഞ്ചു മാസം പ്രായമുള്ള മകള്‍ കല്‍ക്കിയുമാണ് മരിച്ചത്. ഇരുവരെയും വീട്ടിലെ മുറിയില്‍ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ക്ഷേത്രത്തിലെ ശാന്തിക്കാരനായ അതിഥിയുടെ ഭര്‍ത്താവ് ഹരിപ്പാട് സ്വദേശി സൂര്യന്‍ നമ്പൂതിരി രണ്ട് മാസം മുന്‍പാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതിന്റെ മാനസിക വിഷമത്തിലാണ് അതിഥി ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.