വർക്ക് ഫ്രം ഹോം വാട്ട്സ് ആപ്പ് വഴി വമ്പൻ തൊഴില്‍ തട്ടിപ്പ്.


കോവിഡ് അതിജീവനങ്ങളെയും മുതലെടുക്കുന്ന ഓൺലൈൻ തൊഴിൽ തട്ടിപ്പ് സംഘങ്ങൾ കേരളത്തിൽ സജീവം. പല രീതികളും പരീക്ഷിച്ച് നിരവധി പേരെ കബളിപ്പിച്ച് പണം തട്ടിയ സംഘങ്ങളുടെ വാട്സ് ആപ്പ് വഴിയുള്ള തട്ടിപ്പുകളുടെ പുതിയ രൂപമാണ് ഇപ്പോൾ അരങ്ങേറി വരുന്നത്. കോവിഡിൻ്റെ പ്രതിഫലനമായി നിരവധി പേർക്കാണ് ജോലി നഷ്ടമായത്. ഇത്തരക്കാരെ ലക്ഷ്യം വച്ചാണ് തൊഴിൽ തട്ടിപ്പ് സംഘങ്ങൾ വിലസുന്നത്. നിയന്ത്രണങ്ങളുടെ കാലത്ത് വീട്ടിലിരുന്ന് ജോലി ചെയ്ത് മാസം അമ്പതിനായിരം രൂപ വരെ സമ്പാദിക്കാമെന്നൊക്കെയുള്ള ഓഫർ നൽകിയാണ് തട്ടിപ്പ്. ജോലി നഷ്ടപ്പെട്ടതുൾപ്പടെ പലവിധ മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്ന യുവാക്കളടക്കമുള്ളവരാണ് ഇത്തരം സംഘങ്ങളുടെ ഇരകളാകുന്നത്.

ചെറിയൊരു തുക രജിസ്ട്രേഷൻ ഫിസായി നൽകിയാൽ മതി ജോലിയിൽ പ്രവേശിക്കാം എന്ന ഇവരുടെ വാഗ്ദാനം കെട്ടവരാണ് കെണിയിൽ പെട്ടുകൊണ്ടിരിക്കുന്നത്. വിവരങ്ങൾ കൈമാറൽ എല്ലാം വാട്ട്സ് ആപ്പ് വഴിയാണ്. ഫീസുമടച്ച് അവർ നൽകുന്ന ജോലിയും തീർത്ത് മാസങ്ങളോളം പ്രതിഫലത്തിനായി കാത്തിരിക്കുമ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ട കാര്യം ഏവരും അറിയുന്നത്. ഒറ്റനോട്ടത്തില്‍ ആരും വിശ്വസിച്ചുപോകുന്ന ഓഫറുകളാണ് ഇവര്‍ മുന്നോട്ടുവയ്ക്കുക. മിനിമം വിദ്യാഭ്യാസമുള്ള ആര്‍ക്കും എളുപ്പത്തില്‍ ചെയ്തുതീര്‍ക്കാവുന്ന ജോലിയാണെന്നു പറയുന്നതിനാൽ ആരും ഒരു കൈ നോക്കാമെന്നു കരുതി കെണിയിൽ വീഴുകയാണ്.

വേര്‍ഡ് ഫോര്‍മാറ്റിലുള്ള ഫയലുകളെയും ജെപിഇജി ഫോര്‍മാറ്റിലുള്ള ചിത്രങ്ങളെയും പിഡിഎഫ് ആക്കി മാറ്റുക, ടൈപ്പ് ചെയ്ത ഫയലുകളില്‍ ക്യാപിറ്റല്‍ ലെറ്റര്‍, അടിവര, കുത്ത്, കോമ, ഹെഡ്‌ലൈന്‍, ബോര്‍ഡര്‍ തുടങ്ങിയവ ചേര്‍ക്കുക തുടങ്ങിയ കാര്യങ്ങളാണ് ചെയ്യാനാവശ്യപ്പെടുന്നത്.
ടൈപ്പ് ചെയ്ത മാറ്ററിനെ സ്വന്തം കൈപ്പടയില്‍ വൃത്തിയായി വെള്ള പേപ്പറില്‍ എടുത്തെഴുതി കൊറിയര്‍ ചെയ്തു കൊടുക്കാനാണ് അടുത്തിടെ ഒരു കമ്പനി ഉദ്യോഗാര്‍ഥികളോട് ആവശ്യപ്പെട്ടത്. ഒരാഴ്ച കൊണ്ട് 50 പേജ് എങ്കിലും തെറ്റില്ലാതെ എഴുതി നല്‍കിയാല്‍ പതിനായിരം രൂപയാണ് പ്രതിഫലം.
ക്യാപിറ്റല്‍ ലെറ്ററും ചിഹ്നങ്ങളുമടക്കമുള്ള കാര്യങ്ങള്‍ തെറ്റില്ലാതെ പകര്‍ത്തിയിട്ടുണ്ടോ എന്ന കാര്യം കമ്പനിയിലെ വിദഗ്ധര്‍ പരിശോധിച്ചതിനു ശേഷമായിരിക്കും ശമ്പളം അക്കൗണ്ടിലേക്ക് അയച്ചുതരികയെന്നും പറയുന്നു. പകര്‍ത്തിയെഴുത്തില്‍ തെറ്റുകളുണ്ടെങ്കില്‍ തെറ്റുകളുടെ എണ്ണത്തിനനുസരിച്ച് പ്രതിഫലത്തില്‍ കുറവു വരുത്തുമെന്ന് കമ്പനി നിയമാവലിയില്‍ തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷെ ജോലിയുമായി ബന്ധപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ക്ക് അയച്ച ഓഫര്‍ ലെറ്റര്‍ തന്നെ അക്ഷരത്തെറ്റുകള്‍ കൊണ്ട് നിറഞ്ഞതാണെന്നതാണ് എറ്റവും രസകരം. 1600 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസായി ആവശ്യപ്പെട്ടത്. എന്നാല്‍ പ്രിന്റ് ചെയ്ത കാര്യങ്ങള്‍ വീണ്ടും പേന കൊണ്ട് പകര്‍ത്തിയെഴുതുന്നതുകൊണ്ട് എന്തു പ്രയോജനമാണ് ഉദ്ദേശിക്കുന്നതെന്ന് തിരിച്ചുചോദിച്ചപ്പോള്‍ മറുപടിയൊന്നും നല്‍കാതെ കമ്പനി അധികൃതര്‍ തടിയൂരുകയായിരുന്നു. പല പ്രമുഖ കമ്പനികളുടെയും പേരിനെ തെറ്റുധരിപ്പിക്കും വിധമാണ് കമ്പനിക
ളുടെ പേരുകൾ എന്നതും ശ്രദ്ധേയമാണ്. യുറേക്ക എന്ന ബ്രാന്‍ഡ് നെയിമിനെ അനുസ്മരിപ്പിക്കുന്ന വിധം യുറോക്ക എന്റര്‍പ്രൈസസ് എന്ന പേരിലുള്ള കമ്പനിയുടെ ആസ്ഥാനം മുംബൈയാണെന്നാണ് അവകാശപ്പെടുന്നത്. രജിസ്‌ട്രേഷന്‍ ഫീസ് അടക്കാന്‍ ആവശ്യപ്പെടുന്നതും മുംബൈയിലുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ്. ഒരു മാസം 400 പേജ് ചെയ്താല്‍ 16000 രൂപ പ്രതിഫലം വരെ ഇത്തരക്കാർ പറയുന്നു. കണ്ണുർ കാസർഗോഡ് ജില്ലയിൽ മാത്രം 200 ലേറെ പേരാണ് ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ടത്.
ഒരു വലിയ പുസ്തകത്തിന്റെ എല്ലാ പേജിന്റേയും ഫോട്ടോ എടുത്ത് അയച്ചുനല്‍കി അതു നോക്കി എല്ലാം വീണ്ടും വേര്‍ഡ് ഫോര്‍മാറ്റില്‍ ടൈപ്പ് ചെയ്ത് തിരിച്ചയക്കാനാണ് മറ്റൊരു കമ്പനി ആവശ്യപ്പെടുന്നത്. ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗും സോഫ്റ്റ് വെയര്‍ ടെസ്റ്റിംഗും അടക്കം പല കാര്യങ്ങളും ഉത്തരവാദിത്വമുള്ള സ്ഥാപനങ്ങള്‍ വര്‍ക്ക് ഫ്രം ഹോം അടിസ്ഥാനത്തില്‍ ഏറ്റെടുത്ത് നടത്തുന്നുണ്ടെങ്കിലും ഇതിനിടയില്‍ കടന്നുകയറുന്ന കറക്കുകമ്പനികള്‍ എല്ലാവരുടേയും വിശ്വാസ്യത നശിപ്പിക്കുകയാണെന്ന് ഐടി മേഖലയിലെ വിദഗ്ധര്‍ പറയുന്നു. കാര്യമായ ഐടി യോഗ്യതകളൊന്നുമില്ലാതെ ഈ മേഖലയില്‍ എത്തിപ്പെടാന്‍ ആഗ്രഹിച്ചെത്തുന്ന സാധാരണക്കാരെയാണ് ഈ കറക്കുകമ്പനികള്‍ ലക്ഷ്യമിടുന്നത്. എസ് എസ് എല്‍ സി മുതല്‍ ബിരുദതലം വരെ യോഗ്യതകളുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി പരസ്യം ചെയ്യുമ്പോള്‍ ഐടി മേഖലയില്‍ ബി ടെക്, എംസിഎ അടക്കമുള്ള യോഗ്യതകളുള്ളവരെ ഇവര്‍ പൊതുവേ പരിഗണിക്കാറില്ല. ഇത്തരം ഉദ്യോഗാര്‍ഥികളുടെ ഭാഗത്തുനിന്നും തിരിച്ചുള്ള പ്രതികരണം ഉണ്ടാകുമെന്നതു തന്നെ കാരണം.
വിശ്വാസ്യതയുള്ള സ്ഥാപനങ്ങള്‍ പൊതുവേ രജിസ്‌ട്രേഷന്‍ ഫീസിന്റെ മാത്രം അടിസ്ഥാന
ത്തില്‍ ജോലിക്കെടുക്കാന്‍ തയ്യാറാകില്ലെന്ന കാര്യം ഉദ്യോഗാര്‍ഥികളും ശ്രദ്ധിക്കേണ്ടതാണ്. ചെയ്യാന്‍ ആവശ്യപ്പെടുന്ന ജോലി ചുരുങ്ങിയ പക്ഷം എന്തിനുവേണ്ടിയാണെന്ന കാര്യമെങ്കിലും മനസ്സിലാക്കാതെ ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. വിക്കിപീഡിയ പോലുള്ള ഇടങ്ങളില്‍ നിന്നും കോപ്പി പേസ്റ്റ് ചെയ്‌തെടുത്ത ഭാഗങ്ങള്‍ വീണ്ടും പകര്‍ത്തിയെഴുതാനും ഖണ്ഡിക തിരിക്കാനും ആവശ്യപ്പെടുമ്പോള്‍ തന്നെ ഇത് തട്ടിപ്പാണെന്ന് മനസ്സിലാക്കാമെന്ന് ഐടി മേഖലയില്‍ വര്‍ഷങ്ങളുടെ പരിചയമുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇവരുടെ കെണിയില്‍ വീണാല്‍ രജിസ്‌ട്രേഷന്‍ ഫീസും മാസങ്ങളുടെ അധ്വാനവും ഇന്‍ര്‍നെറ്റ് – വൈദ്യുതി ചാര്‍ജുകളും പോയിക്കിട്ടുമെന്നല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനില്ല
എന്നതാണ് യാഥാർഥ്യം.