indiaNationalNews

ഇസാഫ് ബാങ്കിന്റെ ജബൽപൂർ ശാഖയിൽ വൻ കവർച്ച; 14.8 കിലോഗ്രാം സ്വർണവും അഞ്ച് ലക്ഷം രൂപയും കവർന്നു

കേരളത്തിൽ ആസ്ഥാനം പ്രവർത്തിക്കുന്ന ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ മധ്യപ്രദേശ് ജബൽപൂർ ശാഖയിൽ വൻ കവർച്ച നടന്നു. മാരകായുധങ്ങളുമായി എത്തിയ അഞ്ചംഗ സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 14.8 കിലോഗ്രാം സ്വർണവും അഞ്ച് ലക്ഷം രൂപയും കവർന്നു.

ഖിതോള പ്രദേശത്തുള്ള ബാങ്ക് ശാഖയിലാണ് ഇന്നലെ രാവിലെ സംഭവം നടന്നത്. കവർച്ച നടക്കുമ്പോൾ ബാങ്കിൽ സുരക്ഷാ ജീവനക്കാരില്ലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഹെൽമെറ്റ് ധരിച്ച് മുഖം മറച്ച സംഘം രാവിലെ 9.15ഓടെ ബൈക്കുകളിൽ എത്തി, ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. വെറും 20 മിനിറ്റിനുള്ളിൽ ലോക്കറിൽ ഉണ്ടായിരുന്ന 14.875 കിലോഗ്രാം സ്വർണവും അഞ്ച് ലക്ഷം രൂപയും കവർന്നതായി ജബൽപൂർ റൂറൽ അഡീഷണൽ എസ്.പി. സൂര്യകാന്ത് ശർമ്മ അറിയിച്ചു.

രണ്ട് മോട്ടോർസൈക്കിളുകളിലായെത്തിയ സംഘം രാവിലെ 8.50-ന് ബാങ്കിൽ കടന്ന് 9.08-ന് പുറത്തുകടന്നു രക്ഷപ്പെട്ടു. സംഭവം നടക്കുമ്പോൾ ആറ് ജീവനക്കാർ ബാങ്കിനുള്ളിലുണ്ടായിരുന്നു. കവർച്ചക്കാർ രക്ഷപ്പെട്ടതിന് 45 മിനിറ്റിനുശേഷമാണ് ബാങ്ക് അധികൃതർ പൊലീസ് വിവരം അറിയിച്ചതെന്ന് ജബൽപൂർ ഡി.ഐ.ജി. അതുൽ സിംഗ് പറഞ്ഞു. നേരത്തെ വിവരം ലഭിച്ചിരുന്നെങ്കിൽ പ്രതികളെ എളുപ്പത്തിൽ പിടികൂടാനായേനെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tag: Massive robbery at ISAF Bank’s Jabalpur branch; 14.8 kg gold and Rs 5 lakh stolen

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button