തൃശൂര്‍- എറണാകുളം ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക്; ഇന്നലെ തുടങ്ങിയ ഗതാഗത തടസം രാവിലെയും നീണ്ടുനില്‍ക്കുന്നു
തൃശൂര്‍- എറണാകുളം ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക് തുടരുന്നു. ഇന്നലെ രാത്രി 11 മണിയോടെ തുടങ്ങിയ ഗതാഗത തടസം ഇന്ന് രാവിലെയും നീണ്ടുനില്‍ക്കുന്നു. മുരിങ്ങൂര്‍ മുതല്‍ പോട്ട വരെ വാഹനങ്ങള്‍ ഇഴഞ്ഞു നീങ്ങുകയാണ്, പ്രത്യേകിച്ച് മുരിങ്ങൂരില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. എറണാകുളത്തേക്ക് പോകുന്ന പാതയില്‍ അഞ്ചുകിലോമീറ്ററോളം നീണ്ട വാഹനനിരയുണ്ട്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് ചാലക്കുടി വഴി പോകുന്നവര്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങാനിടയുള്ളതിനാല്‍ പാലക്കാട്, തൃശൂര്‍ ഭാഗങ്ങളില്‍ നിന്ന് വരുന്നവര്‍ ഇരിഞ്ഞാലക്കുട, കൊടുങ്ങല്ലൂര്‍, മാള വഴി പോകണമെന്നും, എറണാകുളത്തേക്ക് പോകേണ്ടവര്‍ കൊടുങ്ങല്ലൂര്‍, പറവൂര്‍ വഴി യാത്ര തിരിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അടിപ്പാത നിര്‍മാണത്തിനിടെ സര്‍വീസ് റോഡിന്റെ അറ്റകുറ്റപ്പണി നടത്താത്തതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാന്‍ പ്രധാന കാരണം. നേരത്തെ പാലിയേക്കരയില്‍ നിന്ന് ടോള്‍ പിരിക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കരാര്‍ കമ്പനിയുടെയും ദേശീയപാത അതോറിറ്റിയുടെയും സുപ്രീംകോടതി ഹര്‍ജി പരിഗണിക്കുമ്പോള്‍ ചീഫ് ജസ്റ്റിസ് ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചത്.
Tag: Massive traffic jam on Thrissur-Ernakulam National Highway; The traffic disruption that began yesterday continues into the morning