മാതാ ബി മഞ്ചമ്മ ജോഗതി: പത്മപുരസ്‌കാരത്തിലെ അപൂര്‍വ നക്ഷത്രം
ന്യൂഡല്‍ഹി: രാഷ്ട്രീയ സ്വാധീനവും വന്‍ ശുപാര്‍ശകളുമെല്ലാം തുണച്ചിരുന്ന പത്മ പുരസ്‌കാരത്തിന്റെ രീതി മാറിയതോടെ അര്‍ഹതപ്പെട്ടവര്‍ക്ക് അവാര്‍ഡ് ലഭിക്കാന്‍ തുടങ്ങി. ഈ വര്‍ഷത്തെ പത്മ പുരസ്‌കാര ജേതാക്കളില്‍ ഏറെ ശ്രദ്ധനേടിയ വ്യക്തിയാണ് മാതാ ബി മഞ്ചമ്മ ജോഗതി. ജോഗതി നൃത്തത്തെ പൊതുജനങ്ങളുടെ ഇടയില്‍ സ്വീകാര്യമാക്കുകയും പ്രചാരണം നല്‍കുകയും ചെയ്തതിനാണ് പരമോന്നത പുരസ്‌കാരം മഞ്ചമ്മയെ തേടിയെത്തിയത്.
ഒരു ട്രാന്‍സ്ജന്‍ഡറിന് രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരം ലഭിക്കുന്നത് ഇതാദ്യം. കര്‍ണാടകയിലെ ബെല്ലാരിക്കടുത്ത് കല്ലുകമ്പ ഗ്രാമത്തില്‍ മഞ്ചുനാഥ ഷെട്ടിയായാണ് മഞ്ചമ്മ ജനിച്ചത്. 21 മക്കളുള്ള മഞ്ചുനാഥ ഷെട്ടിയുടെ മാതാപിതാക്കള്‍ ആണുടലിലെ പെണ്‍മ കണ്ടപ്പോള്‍ 15ാം വയസില്‍ ഹൊസ്‌പേട്ടിലെ ജോഗപ്പ ക്ഷേത്രത്തില്‍ ഉപേക്ഷിച്ചു പോയി. ഒരു യാത്രകൊണ്ടുപോകാമെന്ന് വാഗ്ദാനം നല്‍കിയാണ് ജോഗപ്പ ക്ഷേത്രത്തിലേക്ക് മഞ്ചമ്മയെ കൊണ്ടുപോയത്.
അരയില്‍ ചരട് കെട്ടി. മുത്ത് കോര്‍ത്ത മാല കഴുത്തിലിട്ടുനല്‍കി. പാവാടയും ബ്ലൗസും വളകളും കൊടുത്തു. തനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ തരിച്ചു നിന്ന മഞ്ചുനാഥനോട് വീട്ടുകാര്‍ പറഞ്ഞു ”നീ ഇനി മുതല്‍ ദൈവത്തിന്റെ വധുവാണ്”. അങ്ങിനെ മഞ്ചുനാഥ് മഞ്ചമ്മയായി രൂപാന്തരപ്പെട്ടു.
വലിയ ലോകത്ത് പെട്ടെന്ന് തനിച്ചാക്കപ്പെട്ട മഞ്ചമ്മ കീറിപ്പഴകിയ സാരിയുടുത്ത് തെരുവുകളില്‍ ഭിക്ഷ യാചിച്ചു. ആളുകള്‍ മിക്കപ്പോഴും ആട്ടിപ്പായിച്ചു. മനുഷ്യജീവനെന്ന പരിഗണനപോലും നല്‍കാതെയുള്ള ക്രൂരതകളില്‍ വല്ലാത്തൊരു ആനന്ദം സമൂഹം കണ്ടെത്തിയിരുന്നു. നേരം ഇരുട്ടുമ്പോള്‍ പലരും തട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ചു. അതിജീവനത്തിനുള്ള അവസാന ശ്രമമെന്ന നിലയില്‍ ഇഡ്ഢലി വില്‍ക്കാന്‍ തീരുമാനിച്ചു. നാല് ഇഡലിയും സാമ്പാറും ചട്‌നിയും ഒരു രൂപയ്ക്കാണ് വിറ്റിരുന്നത്.
ശരീരവും മനസും തകര്‍ന്ന്, ചതഞ്ഞ് തീരവേ മഞ്ചമ്മ ജീവനൊടുക്കാന്‍ തീരുമാനിച്ചു. കഷ്ടപ്പെട്ട് കിട്ടിയ വരുമാനം കൊണ്ട് ഒരു കുപ്പി വിഷം വാങ്ങിക്കുടിച്ചു. പക്ഷെ നിയോഗം മറ്റൊന്നായിരുന്നു. ആത്മഹത്യ മുനമ്പില്‍ നിന്ന് ജോഗതി നൃത്തസംഘം മഞ്ചമ്മയെ ജീവിതത്തിലേയ്ക്കു മടക്കിക്കൊണ്ടുവന്നു.
ജോഗതി നൃത്തമെന്നത് ജോഗപ്പകളെന്ന് വിളിക്കപ്പെട്ടുന്ന വടക്കന്‍ കര്‍ണാടകയിലെയും ആന്ധ്രയിലെയും മഹാരാഷ്ട്രയിലെയും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കിടയിലെ നാടോടി പാരമ്പര്യ നൃത്തരൂപമാണ്. യെല്ലമ്മയെന്ന ദേവതയെ പ്രീതിപ്പെടുത്താനാണ് നൃത്തം. മട്ടിക്കല്‍ ബസപ്പയായിരുന്നു മഞ്ചമ്മയുടെ ആദ്യ ഗുരു. കാലവാ ജോഗതിയായിരുന്നു അടുത്ത ഗുരു. തലയില്‍ കുടമെല്ലാം വച്ചാണ് ജോഗതി നൃത്തം. തനത് കലാരൂപം. പൊതുവേ ദേവദാസികളാണ് ഈ നൃത്തം അവതരിപ്പിക്കുന്നത്.
‘എന്റെ ഇരുണ്ട ഉടലില്‍ മേക്കപ് ഇട്ടപ്പോള്‍ എന്തോ വല്ലാത്ത സന്തോഷം തോന്നി. പച്ച സാരിയും വളകളും മാലകളും അണിഞ്ഞപ്പോള്‍ ഞാന്‍ പൂര്‍ണതയിലേയ്ക്ക് എത്തുന്നതുപോലെ തോന്നി. ആരുടെയും മുഖത്ത് നോക്കാതെ അവനവന്റെ ഉള്ളിലേയ്ക്ക് ഒതുങ്ങി ജീവിച്ച ഞാന്‍ ലോകത്തെ നോക്കി പാടി. ചുവടുവച്ചു. ഒരോ നൃത്തവേദിയും എന്നിലേക്കുള്ള പുതിയ കണ്ടെത്തലുകളായിരുന്നു. ചോളമായിരുന്നു ആദ്യം കൂലിയായി കിട്ടിയത്.’ മഞ്ചമ്മ ജോഗതി നൃത്തത്തിന്റെ ആദ്യ കാലങ്ങളെക്കുറിച്ച് ഓര്‍ത്ത് പറഞ്ഞതാണിത്.
മഞ്ചമ്മയും ഗുരു കാലവാ ജോഗതിയും ചേര്‍ന്നാണ് ജോഗതി നൃത്തത്തെ പാരമ്പര്യത്തിന്റെ പുറമ്പോക്കില്‍ നിന്ന് പൊതുവേദിയിലെത്തിച്ചത്. കൃത്യമായൊരു അടിത്തറ പാകിയത്. കൈമോശം വന്ന വാമൊഴി വഴക്കങ്ങളെ വീണ്ടെടുത്തു. ഇന്ത്യയ്ക്ക് അകത്തും പുറത്തും നിരവധി വേദികള്‍. കൃത്യമായ ചിട്ടവട്ടങ്ങളോടെ നിലനില്‍ക്കുന്ന ഒരുപക്ഷേ ഏക ജോഗതി നൃത്തസംഘം മഞ്ചമ്മയുടേതാണ്.
ബി.എസ്. യദ്യൂരപ്പ മുഖ്യമന്ത്രിയായിരിക്കെ കര്‍ണാടക ജാനപദ അക്കാദമിയുടെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ അധ്യക്ഷയായി മഞ്ചമ്മയെ നിയമിച്ചു. പാരമ്പര്യകലരൂപങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം നാടോടി കലാകാരന്മാരുടെയും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെയും സംരക്ഷണത്തിനായി മഞ്ചമ്മ മുന്നിട്ടിറങ്ങി. അവശതയനുഭവിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കലാകാരന്മാര്‍ക്ക് പുരധിവാസ കേന്ദ്രം നിര്‍മിക്കാനുള്ള പരിശ്രമത്തിലാണ്. കോവിഡ് കാലത്താണ് പാരമ്പര്യ, നാടോടി കലാകാരന്മാര്‍ അനുഭവിക്കുന്ന പ്രതിസന്ധിയുടെ ആഴം രൂക്ഷമായതെന്ന് മഞ്ചമ്മ പറയുന്നു.
വേദികളില്ലാതായി. ആരോടും കൈനീട്ടാന്‍ പോലും കഴിയാത്ത അവസ്ഥയാണിപ്പോള്‍. താനൊരു ആക്ടിവിസ്റ്റല്ല, ആര്‍ട്ടിസ്റ്റാണെന്ന് മഞ്ചമ്മ പറയുന്നു. മുറിവേറ്റ രണ്ട് വിഭാഗങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഒന്ന്, ട്രാന്‍സ്‌ജെന്‍ഡര്‍ രണ്ട്, തനത് കലാകാരന്മാര്‍. പാരമ്പര്യകലാരൂപങ്ങള്‍ സ്‌കൂള്‍ സിലബസിന്റെ ഭാഗമാക്കണമെന്നാണ് മഞ്ചമ്മയുടെ അഭിപ്രായം. ഇതിലൂടെ പുതിയ തലമുറയ്ക്ക് അറിവും ലഭിക്കും. കലാകാരന്മാര്‍ക്കു ജീവിതവഴിയുമാകും.
സര്‍ക്കാരുകളും സമൂഹവും ട്രാന്‍സ്‌ജെന്‍ഡറുകളെ അംഗീകരിക്കണം. അകറ്റിനിര്‍ത്തരുത്. ഒറ്റപ്പെടുത്തി ആക്രമിക്കരുത്. വിദ്യാഭ്യാസം, തൊഴില്‍, പുനരധിവാസം എന്നിവ ഉറപ്പാക്കണം എന്ന് മഞ്ചമ്മ ആവശ്യപ്പെട്ടു. ട്രാന്‍സ്‌ജെന്‍ഡറായ ഒരു കുട്ടിയുണ്ടെങ്കില്‍ ഉപേക്ഷിക്കാതെ ചേര്‍ത്തു നിര്‍ത്താന്‍ മാതാപിതാക്കള്‍ തയ്യാറായാല്‍ തന്റെ ജീവിതവും, കലയും, സാമൂഹിക പ്രവര്‍ത്തനവും, പത്മ പുരസ്‌കാര നേട്ടവും എല്ലാം സാര്‍ഥകമായെന്നാണ് മഞ്ചമ്മ പറയുന്നത്.